ശാസ്താംകോട്ട : ഭാരത ക്രൈസ്തവ സഭയില്‍ മാര്‍ത്തോമ സിംഹാസനത്തിലെ എൺപത്തി ഒന്നാമത്തെ പിൻഗാമിയും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആറാം കാതോലിക്കയുമായ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ കാതോലിക്ക ബാവ തിരുമേനി ഓർമ്മയായിട്ട് 18 വർഷം. ഓർമ്മ പെരുന്നാൾ ജനുവരി 21 മുതൽ 26 വരെ ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടക്കും.
മലങ്കര സഭയുടെ സൂര്യ തേജസ് എന്നായിരുന്നു ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ കാതോലിക്കാ ബാവ തിരുമേനി അറിയപ്പെട്ടിരുന്നത്.
1915 ജനുവരി 30 ന് കൊല്ലം ജില്ലയിലെ പെരിനാട് ഗ്രാമത്തില്‍ പുത്തന്‍വീട്ടില്‍ ഇടുക്കുള- അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ച മാത്യൂസ് പെരിനാട്ടെ പാറക്കുളം എന്‍. എസ്. എസ് സ്‌കൂളിലെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം പഴയ സെമിനാരിയിലും, പത്തനംതിട്ട ബസില്‍ ദയറായിലും, കല്‍ക്കട്ട ബിഷപ് കോളേജിലും അമേരിക്കയിലെ ന്യൂയോര്‍ക്ക് ജനറല്‍ തിയളോജിക്കല്‍ സെമിനാരിയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.1938 ശെമ്മാശപട്ടവും പൂര്‍ണശെമ്മാശപട്ടവും തുടര്‍ന്ന് വൈദീകപട്ടവും സ്വീകരിച്ചു. ഓതറ ദയറായിലെ ദാരിദ്ര്യജീവിതാനുഭവം ആ സന്യാസ ജീവിതത്തെ ‘ഏയ്ജല്‍ അച്ഛന്‍’ എന്ന വിളിപ്പെരിലേക്കു മാറ്റി മറിക്കുന്നതായിരുന്നു.
1953 ൽ കൊല്ലം ഭദ്രാസനത്തിൻ്റെ അധിപനായി മാറിയ അദ്ദേഹം വളരെ വേഗത്തിലാണ് വിശ്വാസികളുടെ അഭയസ്ഥാനമായി മാറിയത്.അനേകം സ്‌കൂളുകള്‍, കോളേജുകള്‍, സന്യാസആശ്രമ പ്രസ്ഥാനങ്ങള്‍, കോണ്‍വെന്റുകള്‍, ഹോസ്പിറ്റലുകള്‍ തുടങ്ങി അനവധി പ്രസ്ഥാനങ്ങള്‍ക്ക് കാരണഭൂതനായി. 1980 ലെ മലങ്കര അസോസിയേഷന്‍ അദ്ദേഹത്തെ മലങ്കര മേത്രപോലീത്തയുടെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു.1991 എപ്രില്‍ 29 ന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് ദ്വിതീയന്‍’ എന്ന നാമം സ്വീകരിച്ചുകൊണ്ട് ഭാരത ക്രിസ്തവസഭയുടെ മാര്‍ത്തോമസിംഹാസനത്തില്‍ 89 മത്തെ പിന്ഗാമിയായും, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 6ാം കാതോലിക്കായും സ്ഥാനാരോഹണം ചെയ്തു.പതിനാലര വർഷം സഭയെ നയിച്ച ശേഷം 2005ലാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.2006 ജനുവരി 26നാണ് മലങ്കര സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ പരിശുദ്ധ പിതാവ് തന്റെ ഇഹലോകവാസം വെടിയുന്നത്. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം കേരളത്തിൻ്റെ ഏക ശുദ്ധ ജല തടാകമായ ശാസ്താംകോട്ട കായലിൻ്റെ തീരത്തെ മൗണ്ട് ഹോറേബ് ആശ്രമമാണ് അന്ത്യവിശ്രമത്തിനായി തിരഞ്ഞെടുത്തത്.തിരുമേനിയുടെ ഓർമ്മയ്ക്ക് 18 വർഷം തികയുമ്പോൾ മലങ്കര സഭയുടെ പ്രധാന തീർത്ഥാടന കേന്ദ്രം കൂടിയാണ് ഈ ദേവാലയം .പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതിയൻ കാതോലിക്കാ ബാവ തിരുമേനിയുടെ പതിനെട്ടാം ഓർമ്മ പെരുന്നാളിന് 21 ന് മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ തുടക്കമാകും. 21 ന് രാവിലെ നടക്കുന്ന വിശുദ്ധ കുർബാനക്ക് ഡോ.ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പോലിത്ത നേതൃത്വം നൽകും.22 ന് രാവിലെ 10ന് വൈദിക യോഗവും പഠന ക്ലാസ്സും, 23 ന് രാവിലെ 10ന് ധ്യാനം, 24 ന് രാവിലെ 9.30ന് നേതൃത്വ സംഗമം, എന്നിവ നടക്കും.25 ന് രാവിലെ 10.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. മാർ തോമസ് തറയിൽ പിതാവ് അനുസ്മരണ പ്രഭാഷണവും യാക്കോബ് മാർ ഏലിയാസ് മെത്രാപ്പോലിത്താ അനുഗ്രഹ പ്രഭാഷണവും നടത്തും .26 ന് രാവിലെ 8ന് നടക്കുന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ നേതൃത്വം നൽകും. തുടർന്ന് ശ്ലൈഹിക വാഴ്‌വ്, പുസ്തക പ്രകാശനം, നേർച്ചവിളമ്പ് എന്നിവ നടക്കും