വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ തിരുവല്ല ഡയറ്റിലെ മലയാളം അധ്യാപികയ്ക്കെതിരെ പോലീസ് കേസ്. അധ്യാപിക മാനസികമായി പീഡിപ്പിക്കുന്നുവെന്ന് വിദ്യാര്‍ഥി മൊഴി നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ തിരുവല്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല വിദ്യാഭ്യാസ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിഎഡ് (ടിടിസി) വിദ്യാര്‍ഥിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവല്ല ഡയറ്റിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ കാസര്‍കോട് സ്വദേശിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
സ്ഥാപനത്തിലെ മലയാളം ഫാക്കല്‍റ്റി അധ്യാപികക്കെതിരെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളായ മുപ്പതോളം പേര് കഴിഞ്ഞ കുറെ കാലമായി സമരം നടത്തുകയായിരുന്നു. അധ്യാപികയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച് എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു.