കോഴിക്കോട് . വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്നത് അഭ്യൂഹം മാത്രമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍.
കേരളാമുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാവിജയന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും എം.പി. ആരാണെന്ന് നോക്കിയല്ല കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടപടി എടുക്കുന്നതെന്നും പറഞ്ഞു.
നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തിലും കേസുകളില്‍ സിപിഎം – ബിജെപി ഒത്തുകളി നടത്തുന്നെന്ന കോണ്‍ഗ്രസിന്റെയും ആരോപണത്തില്‍ കഴമ്പില്ലെന്നും ഈ ആരോപണം വെറും തമാശ മാത്രമാണെന്നും കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ”മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ എന്താണ് ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എക്സാലോജിക് കമ്പനിയുടെ അക്കൗണ്ട് പരിശോധിച്ചാല്‍ ഇക്കാര്യമെല്ലാം മനസ്സിലാക്കാവുന്നതേയുള്ളു. നടപടി രാഷ്ട്രീയ പ്രേരിതമാണോ അല്ലയോന്നെല്ലാം അന്വേഷണം പൂര്‍ത്തിയാകുമ്‌ബോള്‍ മനസ്സിലാക്കാനാകും.” അദ്ദേഹം പറഞ്ഞു.
വീണാ വിജയന്റെ എക്സാലോജിക് കമ്ബനിയും കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമാണെന്നായിരുന്നു നേരത്തേ റജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇത് കേന്ദ്ര ഏജന്‍സി ഏതെങ്കിലും കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തേണ്ട അന്വേഷണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേരത്തേ പറഞ്ഞിരുന്നു.