കേന്ദ്രസർക്കാരിനെതിരെ ഒന്നിച്ച് സമരം ചെയ്യാൻ യു ഡിഎഫില്ല

Advertisement

തിരുവനന്തപുരം. കേന്ദ്രസർക്കാരിനെതിരെ ഒന്നിച്ച് സമരം ചെയ്യാൻ യു.ഡി.എഫില്ല. സംസ്ഥാന സർക്കാരിൻ്റെ ക്ഷണം യുഡിഎഫ് നിരസിക്കും. അടിയന്തരമായി ഓൺലൈനിലൂടെ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.

സർക്കാരിൻ്റെ ക്ഷണം എതിരഭിപ്രായമില്ലാതെയാണ് യുഡിഎഫ് നിരസിച്ചത്. മുന്നണിയിലെ എല്ലാ പാർട്ടികളും എൽഡിഎഫുമായി ഒന്നിച്ചുള്ള സമരം വേണ്ടെന്ന നിലപാടെടുത്തു. കേന്ദ്രത്തിനെതിരെ യുഡിഎഫ് നേരത്തെ തന്നെ സമര രംഗത്തുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയം പാർലമെൻറിൽ ഉന്നയിച്ചത് യുഡിഎഫ് എം.പിമാരാണ്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിൻ്റെ ധൂർത്തും കെടുകാര്യസ്ഥതയുമാണ്. ആദ്യം സംസ്ഥാന സർക്കാർ ധൂർത്ത് അവസാനിപ്പിക്കട്ടെ എന്നും യുഡിഎഫ് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. എൽഡിഎഫുമായി നിലവിലെ സാഹചര്യത്തിൽ ഒന്നിച്ച് സമരം ചെയ്യുന്നത് അണികളുടെ മനോവീര്യം തകർക്കുമെന്നും നേതാക്കൾ വിലയിരുത്തി. സർക്കാറിന്റെ ക്ഷണത്തിൽ തീരുമാനം വൈകുന്നത് മുന്നണിക്ക് ഗുണകരമാവില്ല എന്ന വിലയിരുത്തലിനെ തുടർന്നാണ് അടിയന്തരമായി ഓൺലൈൻ യോഗം ചേർന്നത്. യോഗ തീരുമാനം പ്രതിപക്ഷ നേതാവ് ഔദ്യോഗികമായി മുഖ്യമന്ത്രിയെ അറിയിക്കും.

Advertisement