ശബരിമലയില്‍ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് പരിസമാപ്തിയായി. ഇത്തവണ റെക്കോഡ് വരുമാനമാണ് ലഭിച്ചത്. തീര്‍ത്ഥാടകരുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്.
ഇത്തവണത്തെ മണ്ഡലകാല-മകരവിളക്ക് കാലത്ത് ശബരിമലയിലെ വരുമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പത്തുകോടി രൂപയാണ് വര്‍ധിച്ചത്. ഇത്തവണ 357.47 കോടി രൂപ (357,47,71,909 രൂപ) ലഭിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഇത് 347.12 കോടി രൂപയായിരുന്നു. ശബരിമലയില്‍ എത്തിയ ഭക്തരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. 50 ലക്ഷം (50,06412) ഭക്തരാണ് ഇത്തവണ ശബരിമലയിലെത്തിയത്. കഴിഞ്ഞ സീസണില്‍ ഇത് 44 ലക്ഷമായിരുന്നു (44,16,219). 5 ലക്ഷം ഭക്തരാണ് ഇത്തവണ അധികമായി ദര്‍ശനം നടത്തിയത്. അരവണ വില്‍പനയിലൂടെ 146,99,37,700 രൂപയും അപ്പം വില്‍പനയിലൂടെ 17,64,77,795 രൂപയും വരുമാനം ലഭിച്ചു.