നടന്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പെടെ അന്‍പതോളം പേര്‍ക്ക് അയോദ്ധ്യയില്‍ നാളെ നടക്കുന്ന പ്രാണപ്രതിഷ്ഠയ്ക്ക് കേരളത്തില്‍ നിന്ന് ക്ഷണപത്രം കിട്ടി. പ്രമുഖരെകൂടാതെ സന്യാസിമാര്‍ക്കും ക്ഷണം കിട്ടിയിട്ടുണ്ട്.അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ, സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാര്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്. 1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെ.കെ.നായരുടെ ചെറുമകന്‍ സുനില്‍പിള്ള, വിജിതമ്പി, പി.ടി.ഉഷ, പദ്മശ്രീ കിട്ടിയ എം.കെ. കുഞ്ഞോല്‍, വയനാടിലെ ആദിവാസി നേതാവ് കെ.സി.പൈതല്‍, ചിന്‍മയ മിഷന്റെ കീഴിലുള്ള സ്വകാര്യസര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അജയ് കപൂര്‍ തുടങ്ങിയവര്‍ വി.ഐ.പി പട്ടികയില്‍ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നവരില്‍ ചിലരാണ്.
മാതാ അമൃതാനന്ദമയി, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ക്ക് ക്ഷണപത്രം കിട്ടിയെങ്കിലും പോകുന്നതായി അറിയിച്ചിട്ടില്ല. ആദ്യം പങ്കെടുക്കാന്‍ സന്നദ്ധനാണോ എന്ന അറിയിപ്പ്. പിന്നാലെ ക്ഷണപത്രം എന്ന തരത്തിലാണ് പ്രമുഖരായ അതിഥികളെ ക്ഷണിച്ചത്. അയോദ്ധ്യയിലെ ശ്രീരാമജന്‍മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ സംസ്ഥാന തല സമിതിക്കാണ് കോ ഓര്‍ഡിനേഷന്‍ ചുമതല. ആര്‍എസ്എസ് പ്രാന്തീയ സഹ കാര്യവാഹ് പ്രസാദ് ബാബുവാണ് ഇതിന്റെ കണ്‍വീനര്‍. വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളാണ് കമ്മിറ്റിയിലുള്ളത്. ഇവരുടെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ആഘോഷപരിപാടികളും അക്ഷത വിതരണവും അതിഥികളെ ക്ഷണിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കുന്നത്.