ഇ ബസ് ലാഭകരമല്ലെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളി KSRTCയുടെ വാർഷിക റിപ്പോർട്ട്. ഒൻപത് മാസത്തെ ലാഭം 2.88 കോടിയെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇ ബസുകൾ നഷ്ടമാണെന്നും ഡീസൽ ബസുകളിലേക്ക് മാറണമെന്നുമായിരുന്നു മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ നിർദേശം. ബസുകൾ ലാഭകരമാണോ എന്ന് അറിയാൻ മന്ത്രി തേടിയ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
കിലോമീറ്ററിന് ശരാശരി 8.21 രൂപയാണ് ഇ ബസുകളിൽ നിന്നുള്ള ലാഭം. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെ 2.88 കോടി രൂപയുടെ ലാഭമാണ് ഇ ബസ് സർവീസുകളിൽ ഉണ്ടായത്. ഒൻപത് മാസത്തിൽ ഒരു മാസം പോലും നഷ്ടമുണ്ടായില്ല. പത്ത് രൂപ ടിക്കറ്റ് നിരക്കിൽ സർവീസ് നടത്തുന്ന സിറ്റി സർക്കുലർ ബസുകൾ ഉൾപ്പെടെ നഷ്ടത്തിലെന്ന മന്ത്രി കെ ബി ഗണേഷ്കുമാറിന്ററെ വാദം തള്ളുന്നതാണ് വാർഷിക റിപ്പോർട്ടിലെ കണക്കുകൾ. ഡീസൽ ബസുകൾ സിറ്റി സർകുലാർ സർവീസിനായി വാങ്ങും എന്ന മന്ത്രിയുടെ തീരുമാനവും തിരുത്തേണ്ടി വരും. സ്മാർട്ട് സിറ്റി ഫണ്ട് ഉപയോഗിച്ച് ഡീസൽ ബസുകൾ വാങ്ങാൻ കഴിയില്ല എന്നതാണ് കാരണം. ഇ ബസ് വാങ്ങുന്നില്ലെങ്കിൽ സ്മാർട്ട് സിറ്റി ഫണ്ട് ഉപേക്ഷിക്കേണ്ടി വരും. കെ ബി ഗണേഷ്‌കുമാറിന്റെ പരിഷ്കാര തീരുമാനങ്ങൾ സിപിഐഎമിലും LDF ലും അതൃപ്തി ഉണ്ടാക്കിയിരുന്നു. മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് സിപിഎം നിലപാട്. അതേസമയം വിവാദത്തിൽ ഗണേഷ്കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്വകാര്യ ബസ്സ് മുതലാളിമാരെ സഹായിക്കാനാണ് ഈ. ബസ്സ് വാങ്ങില്ലയെന്നു മന്ത്രി പറഞ്ഞത്.