ബാലേട്ടനേയും ‘ബാലേട്ടൻ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെയും ദേവയാനിയുടെയും മക്കളായി എത്തിയ കുട്ടിക്കുറുമ്പികളെയും മലയാളികൾക്ക് അത്ര പെട്ടെന്ന് മറക്കാനാവില്ല. സഹോദരിമാരായ ഗോപികയും കീർത്തനയുമായിരുന്നു ചിത്രത്തിൽ ‘ബാലേട്ടന്റെ’ മക്കളായി എത്തിയത്.
ഇതിൽ ഗോപിക ജീപിയുടെ (ഗോവിന്ദ് പത്മ സൂര്യ) വധുവാകാൻ ഒരുങ്ങുകയാണ്.വർഷങ്ങൾക്കു ശേഷം ബാലേട്ടനും മക്കളും കണ്ടുമുട്ടിയതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ഗോവിന്ദ് പത്മസൂര്യ. ജനുവരി 28നാണ് നടി ഗോപിക അനിലും ജിപിയും തമ്മിലുള്ള വിവാഹം.
വിവാഹത്തിന് മോഹൻലാലിനെ ക്ഷണിക്കാൻ പോയപ്പോൾ പകർത്തിയ വീഡിയോ ആണ് ജിപി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
തങ്ങളുടെ വിവാഹത്തിന് മോഹൻലാൽ എത്തുമ്പോൾ ഗോപികയ്ക്ക് സർപ്രൈസ് കൊടുക്കാമെന്നായിരുന്നു ജിപി പദ്ധതിയിട്ടത്. ഇക്കാര്യം മോഹൻലാലിനോട് ജിപി പറയുകയും ചെയ്തു. എന്നാൽ ഇരുവരുടെയും വിവാഹ സമയത്ത് വിദേശത്ത് ഷൂട്ടിംഗിന് പോകുന്നതിനാൽ എത്താൻ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ഗോപികയ്ക്ക് ഏറെ നാളായി കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തോട് ജിപി പറഞ്ഞു. അങ്ങനെയായിരുന്നു വിദേശത്തേയ്ക്ക് പോകുന്നതിന് മുൻപ് കൊച്ചിയിൽ വച്ച് നേരിട്ട് കാണാമെന്ന് മോഹൻലാൽ പറഞ്ഞത്.
സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് ഗോപിക എത്തിയപ്പോൾ സർപ്രൈസ് ആയിട്ടായിരുന്നു മോഹൻലാലിനെ കാണാൻ കൂട്ടിക്കൊണ്ടു പോയത്. അദ്ദേഹത്തെ നേരിട്ട് കാണുകയും ഇരുവരും ദക്ഷിണ നൽകി അനുഗ്രഹം വാങ്ങുകയും ചെയ്തു. ഒപ്പം അനിയത്തി കീർത്തനയും ഗോപികയുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം നേരിൽ കണ്ടതിന്റെ സന്തോഷത്തിൽ ബലേട്ടനിലെ ഒരു ശ്രദ്ധേയമായ ചിത്രം റീക്രിയേറ്റ് ചെയ്യുകയും ചെയ്തു.
ബാലേട്ടന്റെ മക്കളായി എത്തിയ ഗോപിക ആയുർവേദ ഡോക്ടറും കീർത്തന എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയുമാണ്. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശികളാണ് ഇരുവരും.
സീ കേരള ചാനലിൽ കബനി എന്ന സീരിയലിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. കബനി, പദ്മിനി എന്നീ കഥാപാത്രങ്ങളെയാണ് ഗോപികയും കീർത്തനയും അവതരിപ്പിച്ചത്.
‘ശിവം’ എന്ന ചിത്രത്തിൽ ബിജു മേനോന്റെ മകളായാണ് ഗോപിക ആദ്യമായി സിനിമയിലെത്തിയത്. ‘കീർത്തനയുടെ ആദ്യചിത്രം ‘സീതാകല്യാണം’ ആണ്.പാഠം ഒന്ന് ഒരു വിലാപം’, ‘സദാനന്ദന്റെ സമയം’ എന്നീ ചിത്രങ്ങളിലും കീർത്തന അഭിനയിച്ചു. അതിനു ശേഷമാണ് ഗോപികയും കീർത്തനയും ഒന്നിച്ച് ‘ബാലേട്ടനി’ൽ അഭിനയിക്കുന്നത്.
ഇപ്പോൾ സാന്ത്വനം സീരിയലിൽ അഞ്ജലിയെന്ന കഥാപാത്രമായി അഭിനയിക്കുകയാണ് ഗോപിക .