അഞ്ചുമാസമായി പെൻഷൻ മുടങ്ങിയ ഭിന്നശേഷി വിഭാഗക്കാരൻ ആത്മഹത്യ ചെയ്തു

Advertisement


കോഴിക്കോട് . ചക്കിട്ടപ്പാറയിൽ അഞ്ചുമാസമായി പെൻഷൻ മുടങ്ങിയ ഭിന്നശേഷി വിഭാഗക്കാരൻ ആത്മഹത്യ ചെയ്തു. മുതുകാട്ടിലെ വളയത്ത് ജോസഫ് എന്ന വയോധികനെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൻഷൻ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് ജോസഫ് പഞ്ചായത്തിൽ കത്ത് നൽകിയിരുന്നു.


ചക്കിട്ടപ്പാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന പാപ്പച്ചൻ എന്ന ജോസഫിനെ വീടിനകത്താണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.  സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ ആയിരുന്നു ഭിന്നശേഷിക്കാരൻ ആയ ജോസഫിന്റെ ആകെയുള്ള  വരുമാനം. തനിക്കും കിടപ്പ് രോഗിയായ മകൾക്കും കഴിഞ്ഞ അഞ്ച് മാസമായി പെൻഷൻ മുടങ്ങിയതോടെ ജോസഫ് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. ജീവിക്കാൻ മറ്റ് വഴിയില്ല. കടം വാങ്ങി മടുത്തു. 15 ദിവസത്തിനകം പെൻഷൻ ലഭിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും എന്നുമായിരുന്നു കത്തിൽ ഉണ്ടായിരുന്നത്.



എന്നാൽ പെൻഷൻ മുടങ്ങിയത് ആകില്ല ജോസഫിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ സുനിൽ പറഞ്ഞു.



ഒരുവർഷം മുൻപാണ് ജോസഫിൻ്റെ ഭാര്യ മരിച്ചത്. ഇതിന് ശേഷം ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു താമസം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജോസഫിന്റെ മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെക്ക് മാറ്റി.