വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ സംഘത്തിലെ രണ്ട് പേര് പിടിയില്‍. വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി ഉള്‍പ്പെടെയുള്ളവരാണ് മോഷണം നടത്തിയത്. ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി നല്‍കിയാണ് വീട്ടുകാരെ മയക്കികിടത്തിയത്. പിന്നില്‍ അഞ്ചംഗസംഘമാണെന്ന് പൊലീസ് അറിയിച്ചു.
വര്‍ക്കല ഹരിഹരപുരം എല്‍.പി സ്കൂളിന് സമീപത്തെ വീട്ടില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. 74 കാരിയായ ശ്രീദേവിയമ്മയും മരുമകള്‍ ദീപയും ഹോം നഴ്സായ സിന്ധുവുമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ മൂന്നുപേരെയും മയക്കികിടത്തിയാണ് രണ്ടാഴ്ച മുന്‍പ് ജോലിക്കായി എത്തിയ നേപ്പാളി സ്ത്രീയുടെ നേതൃത്വത്തില്‍ മോഷണം നടത്തിയത്.
ചൊവ്വാഴ്ച രാത്രി വീട്ടുടമയായ ശ്രീദേവിയമ്മയുടെ മകന് ഭാര്യയായ ദീപയെ നിരന്തരം വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. ഇതേതുടര്‍ന്ന് അയല്‍ വീട്ടില്‍ വിളിച്ച് കാര്യം അന്വേഷിക്കാനായി പറഞ്ഞു.
അടുത്ത വീട്ടിലുള്ള ബന്ധു എത്തിയപ്പോള്‍ വീട്ടില്‍ നിന്ന് നാല് പേര് ഇറങ്ങി ഓടുന്നതാണ് കണ്ടത്. ഇവര്‍ ബഹളം വെച്ച് നാട്ടുകാരെ കൂട്ടി വീട് തുറന്ന് നോക്കിയപ്പോള്‍ വീട്ടില്‍ മൂന്നു പേരും മയങ്ങി കിടക്കുന്നതാണ് കണ്ടത്. പിന്നാലെ നടന്ന പരിശോധനയില്‍ വീടിനോട് ചേര്‍ന്നുള്ള കമ്പിവേലിയില്‍ കുരുങ്ങി ഒരാള്‍ കിടക്കുന്നത് കാണുകയായിരുന്നു. ഇയാളുടെ ബാഗില്‍ സ്വര്‍ണവും പണവുമുണ്ടായിരുന്നു. ഇതിന് പിന്നാലെ പരസരത്ത് നടത്തിയ പരിശോധനയില്‍ ഒളിച്ചിരുന്ന ഒരാളെ കൂടി കണ്ടെത്തി. രണ്ട് പേരെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
വീട്ടില്‍ ജോലിക്ക് നിന്ന സ്ത്രീ അടക്കം മൂന്നു പേരെ ഇനിയും പിടികൂടാനുണ്ട്. മോഷണം നടത്താമെന്ന ഉദ്ദേശ്യത്തോടെയാണ് വീട്ടു ജോലിക്കായി യുവതി എത്തിയതെന്നാണ് അനുമാനിക്കുന്നത്. അക്രമത്തിനിരയായ മൂന്ന് പേരെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.