കൊല്ലം. പരവൂർ മുനിസിഫ്-മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ ജോലി സ്ഥലത്തെ മാനസിക പീഡനം മൂലമാണെന്ന് തെളിവുകൾ പുറത്തുവന്നിട്ടുള്ളതാണ്.അനീഷ്യയുടെ ശബ്ദസന്ദേശങ്ങളും ഡയറിയും ഇതിന് തെളിവാണ്. മരണത്തിന് കാരണക്കാരായ രണ്ട് വ്യക്തികളെ അവയിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. പോലീസ് നടത്തുന്ന ശരിയായ ദിശയിലുള്ള അന്വേഷണത്തെ അട്ടിമറിക്കുന്നതിനും പ്രതികളെ
രക്ഷപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ നടക്കുന്നതായി സംശയിക്കുന്നു.. ഇതിൻെറ ഭാഗമായാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുണ്ടറ ജോസ് എന്ന അഭിഭാഷകൻ ഓൺലൈൻ ചാനൽ വഴിയും തുടർന്ന് ദൃശ്യമാധ്യമങ്ങളിലൂടെയും ഒരു നുണക്കഥയുമായി രംഗത്തെത്തിയത്. കൊല്ലം ജില്ലാ കോടതിയിലെ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് , അനീഷ്യയെ ഭീഷണിപ്പെടുത്തിയെന്നാണ് ഒരു സ്വകാര്യ ചാനലിൽ ജോസ് വെളിപ്പെടുത്തിയത്.അനീഷ്യയുടെ കുടുംബാംഗങ്ങൾക്ക് പോലുമില്ലാത്ത ആരോപണമാണിത്.ആരോപണത്തിൽ പറയുന്ന സമയത്ത് വി.വിനോദ് കേസുമായി ബന്ധപ്പെട്ട് കൊല്ലം രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഉണ്ടായിരുന്നു.കോടതി രേഖകൾ തന്നെ ഇതിന് തെളിവാണ്.സമീപകാലത്തൊന്നും വി.വിനോദ് അനീഷ്യയുമായി കണ്ടിട്ടേയില്ല എന്നതാണ് വാസ്തവം. ജോസിനെതിരായ കേസുകളിൽ സർക്കാർ ഭാഗത്തുനിന്ന് കോടതിയിൽ ഹാജരായി എന്ന മുൻവിരോധത്താലാണ് ഈ കെട്ടുകഥ സൃഷ്ടിച്ചിട്ടുള്ളത്. അനീഷ്യയുടെ ആത്മഹത്യക്ക് ആധാരമായ മുഴുവൻ വിഷയങ്ങളും അന്വേഷിച്ച് ദുരൂഹതകൾ നീക്കി കുറ്റവാളികളെ
നിയമത്തിൻെറയും പൊതുസമൂഹത്തിൻേറയും മുന്നിൽ കൊണ്ടു വരുന്നതിനാവശ്യമായ സമഗ്ര അന്വേഷണം നടത്തണമെന്ന് ആൾ ഇന്ത്യ ലായേഴ്സ് യുണിയൻ (AILU) സർക്കാറിനോട് ആവശ്യപ്പെടുന്നു.കേസ് വഴി തിരിച്ചു വിടുന്നതിലേക്ക് സർക്കാർ അഭിഭാഷൻ വി.വിനോദിനെതിരെ വ്യാജവാർത്ത പടച്ചുവിട്ട കുണ്ടറ ജോസിൻെറ പങ്കിനെക്കുറിച്ചും വസ്തുതാപരമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഒരു സംയുക്ത പ്രസ്താവനയിലൂടെ ജില്ലാ പ്രസിഡണ്ട് ഓച്ചിറ എൻ അനിൽകുമാറും സെക്രട്ടറി പി.കെ.ഷിബുവും ആവശ്യപ്പെട്ടു.