വർക്കലയിൽ നേപ്പാൾ സ്വദേശി ആയ വീട്ടുവേലക്കാരിയുടെ സഹായത്തോടെ വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ ആണ് പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. വൈകുന്നേരം നാലുമണിയോടെ വർക്കല കോടതിയിൽ ഹാജരാക്കുമ്പോഴായിരുന്നു ദേഹാസ്വാസ്ഥ്യം ഉണ്ടായ പ്രതി കുഴഞ്ഞുവീണത്. ഉടൻതന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
കേസിൽ രാം കുമാർ ജനക് ഷാ എന്നിവർ ബുധനാഴ്ചയാണ് അറസ്റ്റിലായത്. വീടിനോട് ചേർന്നുള്ള കമ്പിവേലിയിൽ കുരുങ്ങി അവശനായ നിലയിൽ നാട്ടുകാരാണ് രാം കുമാറിനെ അയിരൂർ പോലീസിന് കൈമാറിയത്. വൈദ്യപരിശോധനയടക്കം നടത്തിയിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ലെന്നാണ് വിവരം.
ചൊവാഴ്ച രാത്രിയാണ് വീട്ടുജോലിക്കാരിയുടെ സഹായത്തോടെ രാംകുമാറും സംഘവും മോഷണം നടത്തിയത്. ഹരിഹരപുരം എൽ.പി. സ്കൂളിന് സമീപത്തെ വീട്ടിൽ 74-കാരിയായ ശ്രീദേവിയമ്മയും മരുമകൾ ദീപയും ഹോം നഴ്സായ സിന്ധുവുമായിരുന്നു താമസിച്ചിരുന്നത്. ഇവരെ മൂന്നുപേരേയും മയക്കിക്കിടത്തി സ്വർണ്ണവും പണവും അപഹരിക്കുകയായിരുന്നു. 15 ദിവസമായി നേപ്പാൾ സ്വദേശിയായ യുവതി ഇവിടെ ജോലിക്കുവരുന്നുണ്ടായിരുന്നു.