തിരുവനന്തപുരം.കേന്ദ്രസർക്കാറിനെ പ്രകീർത്തിച്ചും സംസ്ഥാന സർക്കാരിനെ പരോക്ഷമായി വിമർശിച്ചുമായിരുന്നു ഗവർണറുടെ റിപ്പബ്ലിക് ദിന സന്ദേശ പ്രസംഗം. ഒരു മണിക്കൂറിലധികം സമയം റിപ്പബ്ലിക് ദിന പരിപാടിയിൽ ഒന്നിച്ചുണ്ടായിട്ടും പരസ്പരം മുഖത്ത് പോലും നോക്കാതെ മുഖ്യമന്ത്രിയും ഗവർണറും ഒത്തുതീർപ്പ് ഉടനില്ലെന്ന് പറയാതെ പറഞ്ഞു . വൈകുന്നേരം രാജ്ഭവനിൽ നടക്കുന്ന ചായ സൽക്കാരത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുമോ എന്നാണ് രാഷ്ട്രീയ ആകാംക്ഷ.
8.59 ന് ഗവർണർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിലേക്ക് എത്തി. മുഖ്യമന്ത്രി എഴുന്നേറ്റു, മുഖ്യമന്ത്രിയുടെ വശത്തേക്ക് നോക്കുക പോലും ചെയ്യാതെ ഗവർണർ പതാകക്ക് അരികിലെത്തി. പതാക ഉയർത്തി സല്യൂട്ടും സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലും രാഷ്ട്രീയ വിമർശനങ്ങൾ. ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നെന്ന് ഗവർണർ. വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലെന്നും വിമർശനം.
നരേന്ദ്ര മോദിക്കും കേന്ദ്രസർക്കാർ പദ്ധതികൾക്കും വാനോളം പ്രശംസ.
പ്രസംഗശേഷം മുഖ്യമന്ത്രിയുടെ തൊട്ടടുത്തുള്ള ഇരിപ്പിടത്തിലേക്ക് ഗവർണർ. പരസ്പരം മുഖം കൊടുക്കാതെ പത്തു മിനിറ്റിൽ അധികം സമയം. ദേശഭക്തിഗാനത്തിനുശേഷം മടങ്ങും മുൻപ് എല്ലാവരെയും അഭിവാദ്യം ചെയ്തപ്പോഴും മുഖം കൊടുത്തില്ല. അതിനിടയിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കുശലാന്വേഷണം
പോകാൻ നേരം മുഖ്യമന്ത്രിയുടെ മുഖത്തുനോക്കാതെ ഒരു കൈകൂപ്പൽ ഗവർണർ വക. പ്രത്യഭിവാദ്യം പോലും ചെയ്യാതെ മുഖ്യമന്ത്രി. വൈകുന്നേരം രാജ്‌ഭവനിൽ ക്രമീകരിച്ചിരിക്കുന്ന ചായ സൽക്കാരത്തിൽ മുഖ്യമന്ത്രി ഉണ്ടാകുമോ എന്നാണ് ഇനി കാത്തിരിക്കുന്നത്.