ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ലെഫ്റ്റനന്റ് എച്ച്.ദേവിക. നേവിയിലെ മിക്സഡ് കൺട്ടിൻജെന്റിനെ നയിച്ച മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരിൽ ഒരാൾ ലെഫ്റ്റനന്റ് എച്ച്.ദേവികയായിരുന്നു . ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനം അലങ്കരിക്കുന്നത്.
144 അംഗങ്ങളെയാണ് ദേവിക നയിച്ചത്.
വ്യോമസേനയിൽ പൈലറ്റ് ആവുന്നതായിരുന്നു മോഹമെങ്കിലും 2018ൽ നേവി ടെസ്റ്റ് എഴുതി സബ് ലെഫ്റ്റനന്റായി . വർഷങ്ങൾക്കു മുമ്പ് ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡ് കാണാൻ എയർഫോഴ്സ് ഉദ്യോഗസ്ഥനായ അച്ഛൻ ഹരികുമാർ നമ്പൂതിരിക്കൊപ്പം ദേവിക പോയിരുന്നു. യൂണിഫോമും തൊപ്പിയുമണിഞ്ഞ് അച്ഛനെപ്പോലെ മാർച്ച് ചെയ്യാൻ ദേവിക അന്നു മോഹിച്ചു. അത് ഇന്ന് സഫലമായി. നിലവിൽ ഡൽഹിയിൽ നേവൽ സൈബർ ഓഫീസിലാണ് ഈ 23കാരിയുടെ പോസ്റ്റിംഗ്.
അടൂരിലായിരുന്നു ദേവികയുടെ ജനനം .വ്യോമസേനയിൽ നിന്ന് വിരമിച്ച അച്ഛൻ ഹരികുമാർ ഇപ്പോൾ കോട്ടയം ജില്ല കോടതിയിലെ മാനേജരാണ്. അമ്മ കവിതാദേവി.