തിരുവനന്തപുരം. റിപ്പബ്ലിക് ദിന സൽക്കാരം ബഹിഷ്കരിച്ചു മുഖ്യമന്ത്രിയും മന്ത്രിമാരും, ഗവർണർ സർക്കാർ പോര് സകല അതിരുകളും ലംഘിച്ചെന്നു വ്യക്തമാക്കുന്ന നടപടികളാണ് സംസ്ഥാന തലസ്ഥാനത്തു പുരോഗമിക്കുന്നത്. രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുത്തത്.സെൻട്രൽ സ്റ്റേഡിയത്തിലെ റിപ്പബ്ലിക് ദിന പരിപാടിയിലെ ഗവർണറുടെ നിസ്സഹകരണത്തിനു പിന്നാലെ സിപിഐഎം വിമർശനം കടുപ്പിച്ചിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ നിലവിട്ടു പെരുമാറിയെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സംസ്ഥാനത്തിന്റെ തലവനായ ഗവർണറും സർക്കാരും തമ്മിൽ എത്ര മാത്രം അകൽച്ചയിലാണെന്നു ഈ ദൃശ്യങ്ങൾ അടിവരയിടുന്നു.റിപ്പബ്ലിക് ദിന പരിപാടിയിൽ അടുത്തടുത്തിരുന്നിട്ടും ഗവർണറും മുഖ്യമന്ത്രിയും സംസാരിച്ചില്ല,മുഖം കൊടുത്തില്ല.ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗവർണർ മുഖ്യമന്ത്രിക്കു നേരേ കൈകൂപ്പിയെങ്കിലും വിദ്യാഭ്യാസമന്ത്രിയുമായി സംസാരിച്ചു നിന്ന മുഖ്യമന്ത്രി ശ്രദ്ധിച്ചതേയില്ല. ഇക്കാര്യം സദസിലുണ്ടായിരുന്ന ബിനോയ് വിശ്വത്തോട് ഗവർണർ സൂചിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തം.
ഇതിനെല്ലാമപ്പുറം പ്രസംഗത്തിൽ ഗവർണർ രാഷ്ട്രീയ വിമർശനങ്ങൾ തൊടുത്തിരുന്നു.ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകൾ അക്കാദമിക മേഖലയെ മലിനമാക്കുന്നെന്ന് സർക്കാരിനെ നേരിട്ട് വിമർശിച്ചു
ഇതോടെ നയപ്രഖ്യാപന വിവാദത്തിൽ ഗവർണറുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്നു തീരുമാനിച്ച സർക്കാരും മുന്നണിയും നിലപാട് മാറ്റി.നയപ്രഖ്യാപന പ്രസംഗം അവസാന ഭാഗം മാത്രം വായിച്ചു വിടാൻ ഗവർണർക്കു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും,പദവിക്ക് ചേരാത്ത പെരുമാറ്റമാണ് ഗവർണർ നടത്തിയതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പ്രതികരിച്ചു.
ഒരു അനുനയ നീക്കത്തിനുമില്ലെന്നുറപ്പിച്ചാണ് ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത്.ഉദ്യോഗസ്ഥരെ മാത്രം പങ്കെടുപ്പിച്ചു സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരസ്യമായി തന്നെ മറുപടി പറയുകയാണ്.