കേരളം സിആര്‍പിഎഫ് നേരിട്ട് ഭരിക്കുമോ?,പിണറായി

Advertisement

തിരുവനന്തപുരം:സ്റ്റേറ്റിന്റെ തലവനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണു ഗവര്‍ണര്‍ ഇരിക്കുന്നതെന്നും. ആ സുരക്ഷ വേണ്ടെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നതെന്നും മുഖ്യമന്ത്രി. സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

സുരക്ഷ സിആര്‍പിഎഫിനു കൈമാറിയെന്നാണു പറയുന്നത്. അതു വളരെ വിചിത്രമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിആര്‍പിഎഫിന് കേരളത്തില്‍ നേരിട്ടിറങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമോ എന്നും നാട്ടില്‍ എഴുതപ്പെട്ട നിയമങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് അധികാര സ്ഥാനവും വലുതല്ല. അതിനു മേലെയാണു നിയമം. നിയമത്തിനു കീഴെയാണ് ഏത് അധികാര സ്ഥാനവും. ആ നിയമമാണു പരമപ്രധാനം. അതു മനസിലാക്കാന്‍ സാധിക്കണം. സ്വയം വിവേകം കാണിക്കുക എന്നതാണ് പ്രധാനം. സ്‌കൂളില്‍നിന്നു പഠിക്കേണ്ട കാര്യമല്ല. സ്വയം അനുഭവത്തിലൂടെ ആര്‍ജിക്കേണ്ട കാര്യമാണന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ

അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്കു നേരെ വ്യത്യസ്തമായ രീതിയിലുള്ള പ്രതിഷേധസ്വരങ്ങള്‍ ഉയര്‍ന്നേക്കാം. ആ പ്രതിഷേധസ്വരങ്ങള്‍, പ്രകടനങ്ങള്‍ നടക്കുമ്‌ബോള്‍ അതിനോട് അധികാരസ്ഥാനത്ത് ഇരിക്കുന്നവര്‍ സ്വീകരിക്കേണ്ട നിലപാടെന്താണ്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് എന്തു നടപടി എടുക്കുന്നു എന്നു നോക്കാന്‍ വേണ്ടി അവിടെയിറങ്ങുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. സാധാരണ സെക്യൂരിറ്റി നിലപാടുകള്‍ക്കു വിരുദ്ധമായ കാര്യമാണ്. സാധാരണ പൊലീസ് ചെയ്യേണ്ട ഡ്യൂട്ടിയാണത്. അത് പോലീസ് നിര്‍വഹിക്കും. നിയമനടപടികള്‍…ഞാന്‍ പറയുന്നത് പോലെ സ്വീകരിക്കണം, ഏതെങ്കിലും ഒരാള്‍ സംഭവസ്ഥലത്ത് ഇറങ്ങിനിന്ന് എഫ്ഐആറിനു വേണ്ടി സമരം..

പോലീസ് കൂടെ വരണ്ടെന്ന് കോഴിക്കോട് ഗവര്‍ണര്‍ പറഞ്ഞു. അങ്ങനെ ഏതെങ്കിലും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിട്ടുണ്ടോ. ഇപ്പോള്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടാണോ അതോ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകമായി നിലപാട് എടുത്തതാണോയെന്ന് അറിയില്ല. സുരക്ഷ സിആര്‍പിഎഫിനു കൈമാറിയെന്നാണു പറയുന്നത്. അതു വളരെ വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിന്റെ തലവനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണു ഗവര്‍ണര്‍ ഇരിക്കുന്നത്. ആ സുരക്ഷ വേണ്ടെന്നാണ് ഗവര്‍ണര്‍ പറഞ്ഞിരിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ തന്നെ ചിലര്‍ക്ക് കേന്ദ്രസുരക്ഷയുണ്ട്. കൊടുങ്ങല്ലൂരിലെ സുന്ദരന്‍ ഗോവിന്ദന്‍, ആലുവയിലെ സുജിത്ത്, ആലങ്ങാട്ടെ സുധി, ആലുവയിലെ രാമചന്ദ്രന്‍, കൊടുങ്ങല്ലൂരിലെ സജീവന്‍ ഇവരെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ആ പട്ടികയില്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിരിക്കുന്നു.

കേരളത്തില്‍ ചില ആര്‍എസ്എസുകാര്‍ക്ക് നേരത്തെ കേന്ദ്രഗവണ്‍മെന്റ് ഒരുക്കിയിട്ടുള്ള ആ കൂട്ടില്‍ ഒതുങ്ങാനാണ് അദ്ദേഹം ഇപ്പോള്‍ തയാറായിരിക്കുന്നത്. അതുകൊണ്ട് എന്താണു പ്രത്യേക മേന്മ എന്ന് അറിയില്ല. കേരളം സിആര്‍പിഎഫ് നേരിട്ട് ഭരിക്കുമോ? എന്താണ് അദ്ദേഹം ധരിച്ചിരിക്കുന്നത്? സിആര്‍പിഎഫിന് നേരിട്ടിറങ്ങി കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റുമോ?. ഗവര്‍ണറുടെ സുരക്ഷയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഇതുവരെ ഇവിടെയുണ്ടായിട്ടുണ്ടോ? നാട്ടില്‍ എഴുതപ്പെട്ട നിയമവ്യവസ്ഥകളില്ലേ? ഏത് അധികാര സ്ഥാനവും വലുതല്ല. അതിനു മേലെയാണു നിയമം. നിയമത്തിനു കീഴെയാണ് ഏത് അധികാര സ്ഥാനവും. ആ നിയമമാണു പരമപ്രധാനം. അതു മനസിലാക്കാന്‍ സാധിക്കണം. സ്വയം വിവേകം കാണിക്കുക എന്നതാണ് പ്രധാനം. സ്‌കൂളില്‍നിന്നു പഠിക്കേണ്ട കാര്യമല്ല. സ്വയം അനുഭവത്തിലൂടെ ആര്‍ജിക്കേണ്ട കാര്യമാണ്.

കേന്ദ്രസര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നായിരുന്നു കുറ്റപ്പെടുത്തല്‍. സാമ്ബത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞുമുറുകുകയാണ്. കേന്ദ്രനയങ്ങള്‍ നവകേരള സൃഷ്ടിക്കു തടസ്സമാണ്. വായ്പാ പരിധി വെട്ടിക്കുറച്ചു.കേരളം പടുത്തുയര്‍ത്തിയ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. കേരളത്തെ ശ്വാസംമുട്ടിക്കുന്ന ഈ നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്താതെ മറ്റു നിവൃത്തിയില്ലെന്ന നിലയാണ് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണു ഡല്‍ഹിയില്‍ സമരം നടത്താന്‍ നിര്‍ബന്ധിതമാക്കുന്നത്.

ജനാധിപത്യത്തെ അര്‍ത്ഥവത്താക്കുന്ന അനുഭവമായിരുന്നു നവകേരള സദസ്. വലിയ ജനാവലിയാണ് ഓരോ വേദിയിലും എത്തിയത്. ആകെ 138 വേദികള്‍. മന്ത്രിസഭ സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ചൂണ്ടിക്കാണിക്കാനില്ല. താലൂക്ക് തല അദാലത്തുകളില്‍ ആരഭിച്ച് മേഖലാ തല യോഗങ്ങളും തീരദേശ വനസൗഹൃദ സദസുകളും അടക്കം വലിയൊരു പ്രക്രിയയുടെ തുടര്‍ച്ചയായാണു സംസ്ഥാന തല പര്യടനം നടന്നത്. നവകേരള സദസില്‍ 604276 നിവേദനങ്ങള്‍ റജിസ്റ്റര്‍ ചെയ്തു. നിവേദനങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയാണ്.

Advertisement