കൊല്ലം ജില്ലയിലെ മുഴുവന്‍ കാമ്പസുകളിലും നാളെ ഗവര്‍ണര്‍ക്കെതിരെ വിചാരണ സദസ്സ്

Advertisement

കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എസ്എഫ്ഐ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മുഴുവന്‍ ക്യാമ്ബസുകളിലും നാളെ ഗവര്‍ണര്‍ക്കെതിരെ വിചാരണ സദസ്സ് സംഘടിപ്പിക്കും. സര്‍വകലാശാലകളെ സംഘപരിവാരത്തിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ ജനാധിപത്യപരമായ സമരം തുടരുകയാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കൊല്ലം നിലമേല്‍ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. 50 ല്‍ അധികം പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. എന്നാല്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാറില്‍ ഇടിച്ചെന്ന വ്യാജ ആരോപണത്തില്‍ വാഹനം നിര്‍ത്തി പ്രോട്ടോകോള്‍ ലംഘിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെ ഗവര്‍ണര്‍ പാഞ്ഞ് അടുക്കുകയായിരുന്നു. പോലീസിനെ ശകാരിച്ച ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ തുടര്‍ന്നു. സമീപത്തെ കടയില്‍ കയറിയ ഗവര്‍ണര്‍ തുടര്‍ന്നും പോലീസിന് നേരെ തിരിഞ്ഞു. തുടര്‍ന്ന് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ ഐപിസി 124 ചുമത്തി 17 എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയുണ്ടായി. അറസ്റ്റ് ചെയ്ത എഫ്ഐആര്‍ ഉള്‍പ്പെടെ നല്‍കിയതിന് ശേഷമാണ് ഗവര്‍ണര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. അതേസമയം ജനാധിപത്യ പ്രതിഷേധത്തെ അക്രമ സമരമായി ചിത്രീകരിക്കാനാണ് ഗവര്‍ണര്‍ ശ്രമിച്ചത് എന്നാണ് എസ്എഫ്ഐയുടെ ആരോപണം. വ്യാജ ആരോപണമുന്നയിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ള കേസ് ചുമത്തിയ ഗവര്‍ണര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു

Advertisement