തിരുവനന്തപുരം.കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കെപിസിസി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന യാത്ര ഫെബ്രുവരി 9 ന് തുടങ്ങും. പ്രതിപക്ഷനേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും ഒന്നിച്ചാണ് ജാഥ നയിക്കുന്നത്.
ഫെബ്രുവരി 9 ന് വൈകുന്നേരം 4 മണിക്ക് കാസർഗോഡ് മുൻസിപ്പൽ മൈതാനത്ത് നിന്നാണ് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. 30ലധികം സമ്മേളനങ്ങൾ വിവിധയിടങ്ങളിലായി ജാഥയുടെ ഭാഗമായി സംഘടിപ്പിക്കും. ഫെബ്രുവരി 29ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് പൊതു സമ്മേളനത്തോടെയാണ് ജാഥ സമാപിക്കുക. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോ, പ്രിയങ്ക ഗാന്ധിയോ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.