ക്ഷേമ പെൻഷൻ മുടക്കം അടിയന്തര പ്രമേയമായി സഭയിൽ

Advertisement


തിരുവനന്തപുരം.ക്ഷേമ പെൻഷൻ മുടങ്ങിയ വിഷയം അടിയന്തര പ്രമേയമായി സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. വസ്തുതകളല്ല പ്രതിപക്ഷം പറയുന്നതെന്ന് കുറ്റപ്പെടുത്തിയ ധനമന്ത്രി ക്ഷേമപെൻഷൻ വർധിപ്പിക്കുമെന്നും സഭയിൽ വ്യക്തമാക്കി. സർക്കാർ ആവർത്തിച്ച് നുണ പറയുന്നെന്ന് പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി സഭയിൽ നിന്നിറങ്ങിപ്പോയി.

ചക്കിട്ടപ്പാറ വളയം സ്വദേശി ജോസഫിന്റെ ആത്മഹത്യ ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർനെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പ്രതിപക്ഷവാദം നിഷേധിച്ചു. ഒരു വർഷത്തിനിടയിൽ പെൻഷനും തൊഴിലുറപ്പുമായി 52,400 രൂപ ജോസഫ് കൈപ്പറ്റിയെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.


സാമൂഹ്യ സുരക്ഷാ പെൻഷനെ പറ്റി പറയുമ്പോൾ ഉമ്മൻചാണ്ടിയുടെ കാലത്ത് 18 മാസം കുടിശിക എന്ന കള്ളക്കഥ പറയുകയാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച പി.സി വിഷ്ണുനാഥ് എം.എൽ.എ.

ക്ഷേമ പെൻഷൻ വിതരണത്തിലെ മുൻ സർക്കാരുകളുടെ ഇടപെടൽ ചൂണ്ടിക്കാണിച്ചായിരുന്നു പിന്നീട് ഭരണ പ്രതിപക്ഷ പോര്. എ.കെ ആൻറണി സർക്കാർ 30 മാസം കുടിശ്ശിക വരുത്തിയെന്ന് മന്ത്രി കെ.എൻ ബാലഗോപാലിൻ്റെ ആരോപണം. ക്ഷേമ പെൻഷൻ വർധിപ്പിച്ചത് ഇടത് സർക്കാരുകൾ എന്നും മന്ത്രി. ഇനിയും തുക വർധിപ്പിക്കുമെന്ന് പ്രഖ്യാപനം. ചോദിക്കുന്ന ചോദ്യത്തിന് അല്ല മറുപടിയെന്ന് ആരോപണം. പെൻഷൻ തുക മാത്രമല്ല സാധനങ്ങളുടെ വിലയും ഒപ്പം വർധിച്ചെന്ന് പ്രതിപക്ഷ നേതാവ് .

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് ശേഷം സഭയുടെ നടുത്തളത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. വൈകാതെ സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.