മഹിളാ കോൺഗ്രസ് കാലി കുടവുമായി നിയമസഭാ മാർച്ച് നടത്തി

Advertisement

തിരുവനന്തപുരം.വിലവർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കാലി കുടവുമായി നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. ജെബി മേത്തർ അടക്കമുള്ള നേതാക്കൾക്ക് പരിക്കേറ്റു.

മഹിള കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. സർക്കാർ സംസ്ഥാനത്തെ മുച്ചൂടും മുടിപ്പിച്ചുവെന്ന് വിഡി സതീശൻ വിമർശിച്ചു. അരി വില വർദ്ധനയും കാലിയായ സപ്ലൈകൊ മാവേലി സ്റ്റോറുകളും ജന ജീവിതം ദുസ്സഹമാക്കിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ നേതാക്കൾ അടക്കമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഗുരുതരമായി പരിക്കേറ്റ മേഖ രഞ്ജിത്തിനെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സന്ദർശിച്ചു. മേഘയുടെ അവസ്ഥ പരിതാപകാരമെന്നും മുഖ്യമന്ത്രി എന്താണ് ഇതിൽ നിന്ന് നേടിയതെന്നും സുധാകരൻ.

പൊലീസ് ഇങ്ങനെ മർദ്ദിച്ചത് സമരത്തിന്റെ വീര്യം കൂട്ടിയെന്നും ഇങ്ങനെ അടിച്ചില്ല എങ്കിൽ നേരത്തെ തന്നെ സമരത്തിന്റെ ശക്തി കുറഞ്ഞേനേ എന്നും സുധാകരൻ പ്രതികരിച്ചു.

Advertisement