ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ ആരംഭിച്ചു, പിന്മാറാതെ കേരളാ പൊലീസ്

Advertisement

തിരുവനന്തപുരം . ഗവർണർക്ക് കേന്ദ്രസേനയുടെ സുരക്ഷ ആരംഭിച്ചിട്ടും, സുരക്ഷാ ചുമതലയിൽ നിന്ന് പിന്മാറാതെ പൊലീസ്. രാജ്ഭവനിൽ പൊലീസ് സുരക്ഷ തുടരും. കേന്ദ്രസേനയെ നിയോഗിച്ച ഉത്തരവ് ഔദ്യോഗികമായി സർക്കാരിന് ലഭിച്ചശേഷം തുടർ തീരുമാനമെന്നാണ് നിലപാട്.

പൊലീസിന്റെ ഭാഗത്തുനിന്ന് തനിക്ക് വേണ്ട രീതിയിലുള്ള സുരക്ഷ കിട്ടുന്നില്ല എന്നായിരുന്നു ഗവർണറുടെ പരാതി. പലതവണ പറഞ്ഞ പരാതിക്ക് പിന്നാലെ ഇന്നലെ നടന്ന നാടകീയ സംഭവങ്ങൾ കൂടിയായതോടെ കേന്ദ്രസേനയെ സുരക്ഷയ്ക്ക് നിയമിച്ചു. സിആർപിഎഫിലെ ഉദ്യോഗസ്ഥർ രാജ്ഭവനിൽ സുരക്ഷയ്ക്ക് എത്തിയത് ഇന്നലെ വൈകുന്നേരം മുതൽ. പള്ളിപ്പുറത്തുനിന്ന് എത്തിയ 31 അംഗസംഘമാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. എന്നാൽ രാജ് ഭവൻ ഗേറ്റിന്റെ ഉൾപ്പെടെയുള്ള ചുമതല ഇവർ ഏറ്റെടുത്തിട്ടില്ല. ഇപ്പോഴും പൊലീസ് കാവലിലാണ് രാജ്ഭവൻ ഗേറ്റ്. ഗവർണറുടെ സുരക്ഷാ ചുമതലയിൽ നിന്നും പൊലീസ് പിൻവാങ്ങിയിട്ടില്ല. സി.ആർ.പി.എഫ് സുരക്ഷ ഏർപ്പെടുത്തിയതായി ഉള്ള കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം മാത്രമാവും തുടർ തീരുമാനം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കുമാണ് ഉത്തരവ് ലഭിക്കേണ്ടത്. ഉത്തരവ് വൈകുന്നതിന്റെ കാര്യം വ്യക്തമല്ല. സുരക്ഷക്കെത്തിയ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ രാജ് ഭവന് ഉള്ളിൽ തുടരുന്നുമുണ്ട്. അതിനിടെ കേന്ദ്രസേനയ്ക്കുള്ള ചിലവ് സംബന്ധിച്ചും അനിശ്ചിതത്വം നിലനിൽക്കുന്നു. കേന്ദ്രം സ്വമേധയെയാണ് സിആർപിഎഫിനെ നിയോഗിച്ചതെന്നാണ് ഗവർണറുടെ നിലപാട്. അതിനാൽ ചിലവ് സംസ്ഥാനം വഹിക്കേണ്ട എന്ന വിലയിരുത്തലിലാണ് സർക്കാർ. കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം ഇക്കാര്യത്തിലും അന്തിമ തീരുമാനം എടുക്കും. സംസ്ഥാന സർക്കാർ ചെലവ് നൽകണമെന്നാണ് കേന്ദ്ര ഉത്തരവ് എങ്കിൽ, അനുവദിച്ച തുകയിൽ നിന്ന് ഈടാക്കണമെന്നതാണ് സർക്കാർ നിലപാട്.