ദയാവധത്തിന് അനുമതി തേടി കത്തയച്ച കരിവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷിക്ക് 28 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

Advertisement

തൃശൂര്‍ . ദയാവധത്തിന് അനുമതി തേടി കത്തയച്ച കരിവന്നൂർ ബാങ്കിലെ നിക്ഷേപകൻ ജോഷിക്ക് നിക്ഷേപിച്ച തുകയും പലിശയും ഉൾപ്പടെ 28 ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് കൈമാറി.. കുടുംബാംഗങ്ങളുടെ പേരിലുള്ള ബാക്കി തുക മൂന്നുമാസത്തിനുള്ളിൽ നൽകുമെന്നും ബാങ്കിന്റെ ഉറപ്പ്. പണം തിരിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ച് കരുവന്നൂർ ബാങ്കിന് മുന്നിൽ ജോഷി നടത്തിയ കുത്തിയിരിപ്പ് സമരത്തിന് ഒടുവിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയിലാണ് തീരുമാനം .

കരുവന്നൂർ ബാങ്ക് സി ഇ ഒ യുമായി നടത്തിയ മൂന്നര മണിക്കൂർ നീണ്ട ചർച്ചക്ക് ഒടുവിലാണ് മാപ്രാണം സ്വദേശിയായ ജോഷിക്ക് നീതി ലഭിച്ചത്. ജോഷിയുടെ പേരിൽ ബാങ്കിൽ ഉണ്ടായിരുന്ന പണവും അതിന്റെ പലിശയും അടക്കം 28 ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. ജോഷിയുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള ബാക്കി തുക മൂന്നുമാസത്തിനുള്ളിൽ നൽകുമെന്നും ബാങ്ക് ഉറപ്പു നൽകി. എന്നാൽ ഉറപ്പ് രേഖാമൂലം എഴുതി നൽകണമെന്ന് ജോഷി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെ നിലപാട് അറിയിക്കാമെന്ന് ബാങ്കിന്റെ ഉറപ്പിലാണ് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

രണ്ടാഴ്ച മുൻപാണ് ദയാവധത്തിന് അനുമതി തേടി മാപ്രാണം സ്വദേശിയായ ജോഷി മുഖ്യമന്ത്രിക്കും ഹൈക്കോടതി ചീഫ് ജസ്റ്റിനും കത്തയച്ചത്. ജനുവരി 30ന് ഉള്ളിൽ ദയാവധത്തിന് അനുമതി നൽകണമെന്നായിരുന്നു കത്തിലെ ആവശ്യം. കത്ത് വിവാദം ആയതോടെ സഹകരണ മന്ത്രി ഇടപെട്ടു. ജോഷിയുടെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള നിക്ഷേപമായ എഴുപത്തിയഞ്ച് ലക്ഷം രൂപയും പലിശയും മുഴുവനും മടക്കി നൽകുമെന്ന് ഉറപ്പുനൽകി. പക്ഷേ വാഗ്ദാനം നൽകിയ തീയതി കഴിഞ്ഞിട്ടും പണം തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ചാണ് കരുവന്നൂർ സഹകരണ ബാങ്കിന്റെ മാപ്രാണം ശാഖയ്ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്.