കൊച്ചി. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസില്‍ പിജിമനു കീഴടങ്ങി
പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന മനു പുത്തന്‍കുരിശ് ഡിവൈഎസ്പി മുന്‍പാകെ കീഴടങ്ങിയത്.
നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈകോടതിയുടെ വിധിയില്‍ ഇടപെടാനാകില്ലെന്ന് ആണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
പി.ജി മനുവിന് കീഴടങ്ങാന്‍ പത്തു ദിവസത്തെ സമയം സുപ്രീം കോടതി നല്‍കിയിരുന്നത്.
2018ല്‍ പീഡനത്തിനിരയായ 24കാരി ഈ കേസുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയാണ് പി.ജി മനുവിനെ സമീപിച്ചത്. മാതാപിതാക്കളോടൊപ്പം ചെന്ന ആദ്യ ദിവസം മുതല്‍ മനു പീഡനത്തിനിരയാക്കിയെന്നാണ് റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഒക്ടോബര്‍ ഒമ്പതിനാണ് ഈ സംഭവം. പിന്നീട് പിതാവിനൊപ്പം ഓഫിസിലെത്തിയപ്പോള്‍ കുറേക്കൂടി ശാരീരികമായ ആക്രമണം നടത്തി. മുഖത്ത് മുറിവേല്‍പിക്കുകയും ചെയ്തു. ഇതിനുശേഷം മറ്റാരുമില്ലാത്തപ്പോള്‍ വീട്ടിലെത്തിയ അഭിഭാഷകന്‍ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു. അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോകളും അയക്കുന്നതും പതിവായിരുന്നു.
അധികാരസ്ഥാനങ്ങളില്‍ പിടിപാടുള്ളയാളായതിനാല്‍ ആദ്യം പുറത്തുപറയാന്‍ മടിച്ചു. പിന്നീട് മാതാവിനോട് കാര്യം വെളിപ്പെടുത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. വിശ്വാസ വഞ്ചന, അധികാര ദുര്‍വിനിയോഗം, ബലാത്സംഗം, മാനസിക പീഡനം തുടങ്ങിയവ ചേര്‍ത്താണ് കേസ്. ചോറ്റാനിക്കര പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ പി.ജി. മനുവിന്റെ രാജി അഡ്വക്കറ്റ് ജനറല്‍ രാജി ചോദിച്ച് വാങ്ങിയിരുന്നു.