പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പണി തീരാത്ത ബംഗ്ലാവ് വില്ലേജ് ഓഫീസാക്കി മാറ്റാന്‍ നീക്കം

Advertisement

40 വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ  ആലപ്പുഴയിലെ പണി തീരാത്ത ബംഗ്ലാവ് വില്ലേജ് ഓഫീസാക്കി മാറ്റാന്‍ നീക്കം. ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന  വില്ലേജ് ഓഫീസിനായി ബംഗ്ലാവ് ഏറ്റെടുത്ത് കൈമാറണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കി.  പാതി വഴിയില്‍ നിര്‍മ്മാണം നിലച്ചു പോയ ഈ ബംഗ്ലാവ് പൂര്‍ത്തീകരിക്കുന്നതിന് പണം കണ്ടെത്താനായിരുന്നു 40 വര്‍ഷം മുന്‍പ് ഫിലിം റെപ്രസന്‌റേറ്റീവ് ചാക്കോയെ സുകുമാരക്കുറുപ്പ് കാറിലിട്ട് ചുട്ടെരിച്ച് കൊന്നത്. താന്‍ മരിച്ചു പോയി എന്ന് വരുത്തി തീര്‍ത്ത് തന്റെ പേരിലുള്ള ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം
ആലപ്പുഴ മെഡിക്കല്‍ കോളേജിന് എതിര്‍വശം 150 മീറ്റര്‍ ദൂരത്തിലാണ് നിര്‍മ്മാണം പാതിവഴിയില്‍ നിലച്ച ബംഗ്ലാവുള്ളത്.
കൊലപാതകത്തിന് ശേഷം സുകുമാരക്കുറുപ്പ് ഒളിവില്‍ പോയ അന്ന് മുതല്‍ ഈ കെട്ടിടവും അനാഥമായി. അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകള്‍ കൃത്യമല്ലാത്തതിനാല്‍ കേസ് വിജയിച്ചില്ല. ഇതോടെയാണ് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് രംഗത്തെത്തുന്നത്. വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അമ്പലപ്പുഴ വില്ലേജ് ഓഫീസിനായി സര്‍ക്കാര്‍ ഈ കെട്ടിടം ഏറ്റെടുത്ത് കൈമാറണം എന്നാണ് ആവശ്യം. ഇതിനായി നവകേരള സദസ്സില്‍ വെച്ച് അപേക്ഷ നല്‍കുകയും ചെയ്തിരുന്നു.

Advertisement