തിരുവനന്തപുരം. വീണ വിജയന് കുരുക്ക് മുറുക്കി എക്സാലോജിക്കിനെതിരെ എസ്എഫ്ഐഒ അന്വേഷണം
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ആണ് അന്വേഷിക്കുക. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസിയാണ് . ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. അറസ്റ്റിന് ഉൾപ്പെടെ അധികാരമുള്ള ഏജൻസിയാണ് എസ്എഫ്ഐഒ
എക്സാലോജിക്കിനെതിരെയുള്ള എസ്.എഫ്.ഐ.ഒ അന്വേഷണം സർക്കാരിനെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ കമ്പനിക്കെതിരെ കോർപ്പറേറ്റ് കാര്യമന്ത്രാലയത്തിന്റെ ഏറ്റവും ഉയർന്ന അന്വേഷണത്തിന് കളമൊരുങ്ങുമ്പോൾ അത് പുതിയ രാഷ്ട്രീയ പോർമുഖം കൂടിയാണ് തുറക്കുക. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉണ്ട്.
എക്സാലോജിക്കിന് എതിരായ അന്വേഷണം എസ്എഫ്ഐ ഒ ഏറ്റെടുക്കുമെന്ന് നേരത്തെ തന്നെ സർക്കാരിന് ബോധ്യപ്പെട്ടതാണ്. എന്നാൽ അന്വേഷണത്തെ രാഷ്ട്രീയ ആയുധം എന്ന് മാത്രം പറഞ്ഞ് എളുപ്പത്തിൽ പ്രതിരോധിക്കാൻ കഴിയില്ല. കമ്പനിക്കെതിരായ ആർസി റിപ്പോർട്ടിലെ ഗുരുതര പരാമർശങ്ങൾ തന്നെയാണ് കേസ് എസ് എഫ് ഐ ഒ ഏറ്റെടുത്തതിലെ പ്രധാനപ്പെട്ട കാരണം. എക്സാ ലോജിക്ക് കമ്പനിക്കെതിരായ പരാതിക്കാരൻ ഷോൺ ജോർജിന്റെ ആവശ്യമായിരുന്നു എസ്എഫ്ഐ ഒയുടെ അന്വേഷണം. ഷോൺ ജോർജിന്റെ പിതാവ് പിസി ജോർജ് ബിജെപിയിലെത്തിയ അതേ ദിവസമാണ് എസ്എഫ്ഐഒ അന്വേഷണം ഏറ്റെടുത്തത് എന്നതും ശ്രദ്ധേയം. രേഖകൾ സംസാരിക്കുമെന്നും സത്യം പുറത്ത് വരുമെന്നുയിരുന്നു ഷോൺ ജോർജിന്റെ ആദ്യ പ്രതികരണം. ഗുരുതര സാഹചര്യമെന്ന് മാത്യു കുഴൽനാടൻ എംഎൽഎയും പ്രതികരിച്ചു.
അറസ്റ്റിനടക്കം അധികാരമുള്ള ഏജൻസിയാണ് എസ് എഫ് ഐ ഓ. കോർപ്പറേറ്റ് മന്ത്രാലയത്തിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ അടങ്ങിയ ആറംഗ സംഘമാണ് കേസ് അന്വേഷിക്കുക. അഡീഷണൽ ഡയറക്ടർ പ്രസാദ് അദല്ലി , ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദ്, കെ പ്രഭു, എ ഗോകുൽനാഥ്, കെ എം എസ് നാരായണൻ, വരുൺ ബി എസ് എന്നിവരാണ് സംഘത്തിൽ. കാർത്തി ചിദംബരത്തിനെതിരായ എയർസെൽ – മാക്സിസ് കേസ്, പോപ്പുലർ ഫിനാൻസ് ചിട്ടിതട്ടിപ്പ് കേസ്, വാസൻ ഐ കെയർ കേസ് തുടങ്ങിയ കോളിളക്കം സൃഷ്ടിച്ചനിരവധി കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സംഘത്തിലുള്ള അരുൺ പ്രസാദ്. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള ഐ.എസ് ടി.ഐ.സി, കെ എസ് ഐ ഡി സി എന്നിവയും അന്വേഷണ പരിധിയിൽ വരും. എന്നതും ബന്ധപ്പെട്ടവരെ ആശങ്കയിലാക്കുന്നുണ്ട്.