വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 01 വ്യാഴം

🌴കേരളീയം 🌴

🙏മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും വീണയുടെ ഐ ടി കമ്പനിയായ എക്സാലോജിക്കുമെതിരായ സാമ്പത്തിക കേസിന്റെ അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ സിരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് കൈമാറി.

🙏ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ ഒരു ഉള്ളടക്കവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നിയമസഭയില്‍. നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.

🙏കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഡല്‍ഹിയില്‍ നടത്തുന്ന സമരത്തെ സമ്മേളനമായി ചിത്രീകരിക്കുകയാണെന്ന് പിണറായി വിജയന്‍. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുട്ടു വിറയ്ക്കില്ല.

🙏ഭാര്യയുടെ പെന്‍ഷന്‍ തുക ഉപയോഗിച്ചാണു മകള്‍ വീണ ബിസിനസ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വീണക്കും കമ്പനിക്കുമെതിരായ ആരോപണത്തില്‍ ആദ്യമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

🙏വാഹന ഉടമകള്‍ ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പറുകള്‍ വാഹന്‍ പരിവാഹന്‍ ഡേറ്റാ ബേസില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അവസാന തീയതി ഫെബ്രുവരി 29 ആണ്.

🙏അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. സ്മിതയെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ വിധിച്ചത്. മറ്റു രണ്ടു കൊലക്കേസില്‍ ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം.

🙏മസാല ബോണ്ട് കേസില്‍ മൊഴിയെടുക്കാന്‍ എന്‍ഫോഴ്സ്മെന്റ് നല്‍കിയ സമന്‍സിനെതിരേ വീണ്ടും തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു.

🙏മുസ്ലിം ലീഗ് അനുകൂലികളുടെ നിയന്ത്രണത്തിലായിരുന്ന ഖത്തീബുമാരുടെ സംഘടനയെ സമസ്തയുടെ കീഴിലേക്കു മാറ്റി. ജംഇയ്യത്തുല്‍ ഖുതുബയാണ് ഇനി സമസ്തയുടെ പോഷക സംഘടനയായി പ്രവര്‍ത്തിക്കുക.

🙏രാമായണ കഥാപാത്രങ്ങളുടെ പേരില്‍ പുതിയ കഥയുണ്ടാക്കി ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത പി ബാലചന്ദ്രന്‍ എം എല്‍എയെ പരസ്യമായി ശാസിക്കാന്‍ സിപിഐ തൃശൂര്‍ ജില്ലാ എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.

🙏അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിനു പിറകേയാണ് ഇഡി അന്വേഷണം തുടങ്ങിയത്.

🙏പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസിനെതിരെ സിപിഎമ്മിലെ എട്ട് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിലെ കോണ്‍ഗ്രസ് അംഗം ഷഫീഖ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു.

🙏തിരുവല്ല ഡയറ്റിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാ ശ്രമക്കേസില്‍ പോലീസ് പ്രതിയാക്കിയ മലയാളം വിഭാഗം അദ്ധ്യാപിക മിലീന ജെയിംസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അധ്യാപിക ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം.

🙏അതിജീവിതയെ ബലാത്സംഗം ചെയ്ത കേസില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതിയും മുന്‍ സര്‍ക്കാര്‍ പ്ലീഡറുമായ പി ജി മനുവിനെ ചോറ്റാനിക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്ത പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

🙏225 കിലോ കഞ്ചാവ് പിടിയിലായ കൊച്ചിയിലെ ഗുണ്ടാ നേതാവ് അനസിന് 36 വര്‍ഷം കഠിനതടവ് ശിക്ഷ. എറണാകുളം അങ്കമാലിയില്‍ 2021 ലാണ് കാറില്‍നിന്നു കഞ്ചാവ് പിടികൂടിയത്.

🇳🇪 ദേശീയം 🇳🇪

🙏കേന്ദ്ര ബജറ്റ് ഇന്ന്. ഏപ്രില്‍ മാസത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പു നടക്കുന്നതിനാല്‍ സമ്പൂര്‍ണ ബജറ്റല്ല ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്.

🙏ഭൂമി അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത ഹേമന്ത് സോറന്‍ ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. കസ്റ്റഡിയിലെടുത്ത സോറന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് രാത്രി രാജ്ഭവനിലെത്തി രാജിക്കത്തു നല്‍കിയത്.

🙏രാജിവച്ച ജാര്‍ക്കണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരേ മൂന്നു കള്ളപ്പണ കേസുകളാണ് എന്‍ഫോഴ്സ്മെന്റിന്റെ കൈകളിലുള്ളത്. 2020- 22 ല്‍ വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തെന്നാണ് ഒരു കേസ്. ഒരേക്കറോളം ഖനിയുടെ പാട്ടക്കരാര്‍ തട്ടിയെടുത്തെന്ന കേസുമുണ്ട്.

🙏വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദു വിശ്വാസ പ്രകാരമുള്ള പൂജക്ക് വാരാണസി ജില്ലാകോടതി അനുമതി നല്‍കി. മസ്ജിദിന് താഴെ മുദ്രവെച്ച 10 നിലവറകളുടെ മുന്നില്‍ പൂജ നടത്താനാണ് അനുമതി.

🙏ഭാരത് ജോഡോ ന്യായ് യാത്രക്കിടെ രാഹുല്‍ ഗാന്ധിയുടെ കാറിന്റെ ചില്ലു തകര്‍ന്നതു അക്രമികളുടെ കല്ലേറു മൂലമല്ല, സുരക്ഷയ്ക്കായി ഒരുക്കിയിരുന്ന വടം തട്ടിയാണെന്നു കോണ്‍ഗ്രസ്. ബിഹാറില്‍ നിന്ന് പശ്ചിമ ബംഗാളിലെ മാല്‍ഡയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് കാറിന്റെ പുറകിലെ ചില്ലു തകര്‍ന്നത്.

🙏കര്‍ണാടകയിലും ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്. സൈന്‍ ബോര്‍ഡുകളിലും പരസ്യ ബോര്‍ഡുകളിലും 60 ശതമാനം കന്നഡ ഭാഷ ഉപയോഗിക്കണമെന്ന കന്നഡ ഭാഷാ ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചു. ജനുവരി അഞ്ചിനാണ് ഓര്‍ഡിനന്‍സ് മന്ത്രിസഭ പാസ്സാക്കിയത്.

🙏ഇലക്ട്രിക് ഷോക്ക് നല്‍കി ഡല്‍ഹി പൊലീസ് തങ്ങളെ ദേഹോപദ്രവമേല്‍പിച്ചെന്ന് പാര്‍ലമെന്റ് അതിക്രമ കേസിലെ പ്രതികള്‍ കോടതിയില്‍. ചില രാഷ്ട്രീയ നേതാക്കള്‍ക്കു പങ്കുണ്ടെന്നു പറയണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടും കുറ്റസമ്മതത്തിനുമായാണ് മൂന്നാം മുറ പ്രയോഗിച്ചതെന്നും പ്രതികള്‍ ആരോപിച്ചു.

🙏തമിഴ്നാട്ടില്‍ പൗരത്വ ഭേദതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ‘പൗരത്വ ഭേദഗതി നിയമം തമിഴ്നാട്ടില്‍ കാലുകുത്തില്ലെന്ന് ഞാന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണ്.

🙏ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ‘പുതിയ കോണ്‍സല്‍ ജനറലായി ആന്ധ്രപ്രദേശ് കുര്‍ണൂല്‍ സ്വദേശി ഫഹദ് അഹമ്മദ് ഖാന്‍ സുരി ചുമതല ഏല്‍ക്കും. നിലവിലെ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കാലാവധി കഴിഞ്ഞു മടങ്ങുകയാണ്.

🙏തമിഴ്നാട്ടിലെ മധുരയില്‍ വീണ്ടും ദുരഭിമാനക്കൊല. സഹോദരിയെയും കാമുകനെയും 22 കാരന്‍ കൊലപ്പെടുത്തി. കൊല്ലപ്പെട്ട സതീഷ് കുമാറിന്റെ തല പൊതുസ്ഥലത്ത് പ്രദര്‍ശനത്തിനു വച്ചു. മധുര തിരുമംഗലം കൊമ്പാടിയിലാണ് ഇരട്ടക്കൊല നടന്നത്. 24 കാരിയായ സഹോദരി മഹാലക്ഷ്മിയും 26 വയസുള്ള കാമുകന്‍ സതീശ് കുമാറും ആണ് കൊല്ലപ്പെട്ടത്. മഹാലക്ഷ്മിയുടെ സഹോദരനും വയറിംഗ് തൊഴിലാളിയുമായ പ്രവീണ്‍കുമാറിനെ പോലീസ് തെരയുന്നു.

🏏 കായികം

🙏ബിസിസിഐ സെക്രട്ടറി ജയ് ഷായെ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ഒരു വര്‍ഷത്തേക്കാണ് ജയ് ഷായുടെ കാലാവധി നീട്ടിയത്

Advertisement