അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് 4 മുതല്‍ 11 വരെ പമ്പാ മണപ്പുറത്ത്

Advertisement

കൊല്ലം: 112-ാമത് അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് 4 മുതല്‍ 11 വരെ പമ്പാ മണപ്പുറത്ത് ശ്രീ വിദ്യാധിരാജ നഗറില്‍ നടക്കും. വിദ്യാധിരാജ ജ്യോതി പ്രയാണ ഘോഷയാത്ര രണ്ടിന് പന്മന ആശ്രമത്തില്‍ നിന്ന് ആരംഭിച്ച് നാലിന് ചെറുകോല്‍പ്പുഴയില്‍ എത്തിച്ചേരുമെന്ന് ജ്യോതി പ്രയാണ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ പി.ആര്‍. ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പന്മന ആശ്രമത്തില്‍ രാവിലെ 7.30ന് ജ്യോതി പ്രയാണ ഘോഷയാത്ര പ്രണവാനന്ദ തീര്‍ത്ഥപാദ സ്വാമി ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്കു ശേഷം ആദ്യദിനം വൈകിട്ട് ഏഴിന് കിടങ്ങന്നൂര്‍ വിജയനാനന്ദാശ്രമത്തില്‍ സമാപിക്കും. ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രന്‍ സമാപന സന്ദേശം നല്കും.
മൂന്നിന് രാവിലെ 6.30ന് കിടങ്ങന്നൂര്‍ വിജയാനന്ദാശ്രമം മഠാധിപതി മാതാജി കൃഷ്ണാനന്ദ പൂര്‍ണിമയി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 8.30ന് നെടുംപ്രയാര്‍ തേവലശേരി ദേവീക്ഷേത്രത്തില്‍ സമാപിക്കും. ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് സമാപന സന്ദേശം നല്കും.
നാലിന് രാവിലെ 6.30ന് ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായര്‍ ഉദ്ഘാടനം ചെയ്യും. പുതിയകാവ് ദേവി ക്ഷേത്രത്തില്‍ നിന്ന് പതാക ഘോഷയാത്രയും പന്മന ആശ്രമത്തില്‍ നിന്ന് ജ്യോതി പ്രയാണഘോഷയാത്രയും എഴുമറ്റൂര്‍ ആശ്രമത്തില്‍ നിന്ന് ഛായാചിത്രഘോഷയാത്രയും നാലിന് രാവിലെ 11ന് ശ്രീവിദ്യാധിരാജ നഗറില്‍ എത്തിച്ചേരും.
നാലിന് വൈകിട്ട് നാലിന് 112-ാമത് പരിഷത്തിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ഗ്ലോബല്‍ ഹെഡ് സ്വാമി സ്വരൂപാനന്ദ മഹാരാജ് നിര്‍വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍, കേരള ചിന്മയാമിഷന്‍ അധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവര്‍ അനുഗഹപ്രഭാഷണം നടത്തും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകും.
ഭാരതത്തിലെ സന്യാസി ശ്രേഷ്ഠര്‍, മതപണ്ഡിതര്‍, പ്രഗത്ഭ വാഗ്മികള്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. മതപാഠശാല- ബാലഗോകുല സമ്മേളനം, അയ്യപ്പഭക്ത സമ്മേളനം, ആചാര്യാനുസ്മരണ സമ്മേളനം എന്നീ കാര്യക്രമങ്ങളില്‍ പ്രമുഖ സന്ന്യാസി ശ്രേഷ്ഠന്മാര്‍, മതപണ്ഡിതന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വനിതാ സമ്മേളന ഉദ്ഘാടനം ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷണനും, സമാപന സമ്മേളനം പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസും ഉദ്ഘാടനം ചെയ്യും. പബ്ലിസിറ്റി കമ്മറ്റിയംഗം ചന്ദ്രന്‍പിള്ള ഓതറ, ജനറല്‍ കമ്മറ്റിയംഗം ഗോപേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisement