അഡ്വ. ബി.എ. ആളൂരിനെതിരെ പരാതിയുമായി യുവതി

Advertisement

അഡ്വ. ബി.എ. ആളൂരിനെതിരെ പരാതിയുമായി യുവതി. സാമ്പത്തിക തട്ടിപ്പു കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ ആളൂര്‍ കയ്യേറ്റം ചെയ്തെന്നാണ് പരാതി. ബാംഗ്ലൂരില്‍ ബിസിനസ് നടത്തുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അഡ്വ. ബി എ ആളൂരിനെതിരെ ഐപിസി 354 വകുപ്പു പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. എന്നാല്‍ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കളവാണെന്ന് ആളൂര്‍ പ്രതികരിച്ചു.
ഒരു ഭൂമി ഇടപാടില്‍ ലഭിക്കേണ്ട തുക ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവതി അഡ്വ. ആളൂരിന്റെ സഹായം തേടിയത്. തുടര്‍ന്ന് പണം നല്‍കാനുള്ള ശ്യാംകുമാര്‍ എന്നയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വഞ്ചനാകേസ് എടുത്തിരുന്നു. എം.എല്‍.എയെയും ഡി.ജി.പിയെയും വരെ ഇതിനായി സമീപിച്ചിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് വക്കീല്‍ ഓഫീസില്‍ വെച്ച് അഡ്വ. ആളൂരും യുവതിയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കത്തിലായി. ഇതിനിടയിലാണ് കൈയേറ്റം നടന്നതെന്നാണ് പരാതി. അഭിഭാഷക മുഖേന നല്‍കിയ പരാതിയില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അഡ്വ. ആളൂരിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു. ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Advertisement