59 കാരനെ ഹണി ട്രാപ്പില്‍ കുടുക്കി അഞ്ച് ലക്ഷം തട്ടിയ സംഭവത്തില്‍ റിമാന്‍ഡിലായ രണ്ടു യുവതികള്‍ ഉള്‍പ്പെടെ ഏഴ് പേരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും. കോഴിക്കോട്, പെരുമണ്ണയിലെ പി.ഫൈസല്‍ (37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശി എം.പി.റുബീന(29), കാസര്‍കോട് ഷിറിബാഗിലുവിലെ എന്‍.സിദ്ദീഖ് (48), മാങ്ങാട്ടെ ദില്‍ഷാദ് (40), മുട്ടത്തൊടിയിലെ നഫീസത്ത് മിസ്രിയ (40), മാങ്ങാട്ടെ അബ്ദുള്ള മങ്കുന്നപ്പള്ള (32), പടന്നക്കാട്ടെ റഫീഖ് (42) എന്നിവരെ ആണ് മേല്‍പ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരുന്നത്.
ഫോണിലൂടെ പരിചയപ്പെട്ട മാങ്ങാട്, താമരക്കുഴി സ്വദേശിയായ 59 കാരനെയാണ് സംഘം ഹണിട്രാപ്പില്‍ വീഴ്ത്തിയത്. ചെറുവത്തൂരില്‍ തുണിക്കട നടത്തുന്ന ദില്‍ഷാദ് പാചക തൊഴിലാളിയായ ഫൈസലിന്റെ സഹായത്തോടെ തട്ടിപ്പ് ആസൂത്രണം ചെയ്യുകയായിരുന്നു. ഗൂഗിള്‍പേ വഴി 10,000 രൂപയും പണമായി 4,90,000 രൂപയുമാണ് സംഘം കൈക്കലാക്കിയത്. റുബീനയാണ് പരാതിക്കാരനെ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. പരാതിക്കാരന്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്നുമുള്ള വിവരങ്ങള്‍ യുവതിക്ക് ലഭിച്ചിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 23ന് ലുബ്ന എന്ന പേരിലാണ് റുബീന മാങ്ങാട് സ്വദേശിയെ വിളിച്ചത്. നിരന്തരം ഫോണില്‍ വിളിച്ചു തുടങ്ങിയതോടെ ബന്ധം വളരുകയും തനിക്ക് പഠനത്തിനായി ലാപ്ടോപ്പ് വാങ്ങിച്ചു തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റുബീനയുടെ വാക്ക്ചാതുരിയില്‍ കുടുങ്ങിയ പരാതിക്കാരന്‍ ഒന്നിച്ചു മംഗളൂരുവിലേയ്ക്ക് പോവുകയും ചെയ്തു. 25ന് മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചു ഇയാളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് പരാതിക്കാരനെ പടന്നക്കാട്ടെ ഒരു വീട്ടില്‍ എത്തിച്ചു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്നു പരാതിയില്‍ പറഞ്ഞു. സമര്‍ത്ഥമായാണ് പ്രതികളെ പോലീസ് കുടുക്കിയത്. കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ മംഗളൂരു, പടന്നക്കാട് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പു നടത്താനാണ് നീക്കം.