പോലീസുകാരുടെ പെരുമാറ്റം നന്നാക്കാന്‍ എത്ര സര്‍ക്കുലര്‍ ഇറക്കി, ഈ സര്‍ക്കുലറുകളില്‍ നിന്നും നിങ്ങളുടെ ഉദ്യോഗസ്ഥര്‍ എന്താണ് മനസിലാക്കിയത്, ഡിജിപിയോട് കോടതി

Advertisement

കൊച്ചി. ആലത്തൂരില്‍ അഭിഭാഷകനെതിരെ എസ്ഐ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
1965 മുതല്‍ പോലീസുകാരുടെ പെരുമാറ്റം നന്നാക്കാന്‍ എത്ര സര്‍ക്കുലര്‍ ഇറക്കിയെന്നും ഈ സര്‍ക്കുലറുകളില്‍ നിന്നും നിങ്ങളുടെ ഉദ്യോഗസ്ഥര്‍ എന്താണ് മനസിലാക്കിയതെന്നും കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ ഡിജിപിയോട് കോടതി കോദിച്ചു.
ഇത്തരം സംഭവങ്ങളെ നിങ്ങളെന്തുകൊണ്ട് ഗൗരവത്തോടെ എടുക്കുന്നില്ലെന്നും അധികാരമുള്ള ഒരാളോട് ഈ എസ്ഐ ഇങ്ങനെ പെരുമാറുമോ എന്നും കോടതി ഡിജിപിയോട് ചോദിച്ചു. ഉദ്യോഗസ്ഥര്‍ക്കായി കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് ഡിജിപി വ്യക്തമാക്കിയതോടെ
ഇത് അവസാനത്തെ സര്‍ക്കുലര്‍ ആയിരിക്കണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. എല്ലാവര്‍ക്കും ടെന്‍ഷന്‍ ഉണ്ടെന്നും എന്നാല്‍ ഉദ്യോഗസ്ഥര്‍ ഇതുപോലെ പെരുമാറിയാല്‍ നാടെവിടെ എത്തി നില്‍ക്കുമെന്നും കോടതി ചോദിച്ചു.
ഇതിനിടെ ആരോപണവിധേയനായ എസ്ഐ കോടതിയില്‍ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷ നടത്തിയെങ്കിലും കോടതിയത് അംഗീകരിച്ചില്ല.

Advertisement