തിരുവനന്തപുരം. പാലോട് പാണ്ഡ്യൻ പാറ ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. കല്ലറ സ്വദേശികളായ സജീർ,ബാബു, വിഷ്ണു എന്നിവരാണ് പിടിയിലായത്. മോഷണക്കേസിൽ ജയിലിലായ പ്രതികൾ, മദ്യപിക്കുന്നതിനായാണ് കൃത്യം നടത്തിയതെന്ന് പോലീസ്.
ജനുവരി 29നാണ് നിരവധി മോഷണക്കേസിൽ പ്രതിയായ ഈ മൂവർ സംഘം പാലോടെത്തുന്നത്. തുടർന്ന് പാണ്ഡ്യൻ പാറ വനമേഖലയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ബിവറേജസിൽ മദ്യം വാങ്ങുന്നതിനായി എത്തിയെങ്കിലും സ്ഥാപനം അടച്ചിരുന്നു. തുടർന്നാണ് മദ്യത്തിനായി ഇവർ മദ്യവിൽപ്പനശാലയുടെ പൂട്ട് തല്ലി തകർത്ത് അകത്ത് കയറിയത്. അകത്തു കയറിയ മോഷ്ടാക്കൾ പതിനൊന്ന് കുപ്പിയോളം വിദേശ മദ്യമാണ് മോഷ്ടിച്ചെടുത്തത്. ഇതിനിടയിൽ സി സി ടി വി യിൽ സംഘത്തിലെ പ്രധാനി വിഷ്ണു അകത്തിരുന്ന് മദ്യപിക്കുന്നതായി മറ്റ് രണ്ടു പേർ കണ്ടു. തുടർന്നാണ് ദ്യശ്യങ്ങൾ ഉപയോഗിച്ച് തങ്ങളെ പോലീസ് പിടികൂടാതിരിക്കാൻ സ്ഥാപനത്തിലെ CCTV യും മോണിറ്ററും DVR ഉം എടുത്ത് സ്ഥാപനത്തിന് പുറകിലെ കിണറ്റിലിട്ടത്.തുടർന്ന് 3 പേരും ചേർന്ന് കല്ലറയിലേക്ക് പോയി. സമീപത്തെ സി സി ടി വി ദ്യശ്യങ്ങളുടെയും വിരലടയാളങ്ങളുടെയും അടിസ്ഥാനത്തിലാണ് പാലോട് പോലീസ് പ്രതികളിലേക്കെത്തിയത്. ഇന്ന് വൈകിട്ടോടെ പ്രതികളെ റിമാൻഡ് ചെയ്യും.