വയയ്ക്കൽ: കേരളത്തിലെ ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ നിർത്തലാക്കിയ മുഴുവൻ വിദ്യാഭ്യാസ ആനുകൂല്യങ്ങളും തിരികെ നൽകണമെന്ന് ബൈബിൾ ഫെയ്ത്ത് മിഷൻ ബിഷപ്പ് ഡോ. സെൽവദാസ് പ്രമോദ് ആവശ്യപ്പട്ടു.
കേരള കൗൺസിൽ ഓഫ് ചർച്ചസ് നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്രയ്ക്ക് വയയ്ക്കലിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിലും ജോലിയിലും ദലിത് ക്രൈസ്തവ സമൂഹത്തെ സർക്കാർ പിന്നോട്ടടിക്കുകയാണ്. അവസരസമത്വം പ്രസംഗിക്കുന്നവർ അധികാരം കൈയ്യാളുമ്പോൾ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ കാണതെ പോകുന്നത് നീതിക്ക് നിരക്കുന്നതല്ല. ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളോട് സർക്കാർ പൊതുവേ നീതി നിഷേധം തുടരുകയാണന്നും അദ്ദേഹം പറഞ്ഞു.
കെ സി സി വൈസ് പ്രസിഡൻ്റ് മേജർ ആശാ ജെസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ സി സി ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി തോമസ്
കെ.സി.സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ ആർ നോബിൾ, സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി ലെഫ്.കേണൽ സജൂഡാനിയേൽ, കെ സി സി കൊല്ലം ജില്ലാ കൺവീനർ റവ.പോൾ ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.
ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് ചർച്ചസിൻ്റെ (കെസിസി) നേതൃതത്തിൽ ഫെബ്രുവരി 9ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന് മുന്നോടിയായാണ് നീതി യാത്ര സംഘടിപ്പിച്ചിട്ടുളത്.