തൃശൂർ. കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. തിരുവില്വാമല സർവീസ് സഹകരണ ബാങ്കിലാണ് ജീവനക്കാരൻ രണ്ടു കോടിയിലധികം രൂപ തട്ടിയത്. സംഭവത്തിൽ ബാങ്ക് സെക്രട്ടറി പഴയന്നൂർ പോലീസിൽ പരാതി നൽകി.
നിക്ഷേപകർ പണം പിൻവലിക്കാൻ ബാങ്കിലെത്തിയതോടെയാണ് അക്കൗണ്ടിൽ പണമില്ലെന്ന് വിവരം പുറത്തറിയുന്നത്. നിക്ഷേപകരുടെ പേരിൽ വ്യാജ ഒപ്പും രേഖകളും ഉണ്ടാക്കി ബാങ്കിലെ ഹെഡ് ക്ലർക്കായ മലേശമംഗലം ചക്കച്ചൻകാട് സ്വദേശി സുനീഷ് പണം തട്ടിയെന്നാണ് പരാതി. 15 ൽ അധികം പേരിൽ നിന്നായി രണ്ടു കോടിയിലധികം രൂപയാണ് തട്ടിയത്. സംഭവം വിവാദമായതോടെ ബാങ്ക് സെക്രട്ടറി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസെടുക്കാനുള്ള നീക്കത്തിലാണ്. സുനീഷ് ഒറ്റയ്ക്കാണോ തട്ടിപ്പ് നടത്തിയത് എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. പാർട്ടി ഇടപെടലിനെ തുടർന്ന് നടത്തിയ നിയമനമാണെന്നും കോൺഗ്രസ് അനുഭാവിയാണ് സുനീഷ് എന്നുമാണ് ഉയരുന്ന ആക്ഷേപം.