മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍ഐടി അധ്യാപികയ്ക്കെതിരെ കേസെടുത്തു

Advertisement

കോഴിക്കോട് . മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കുന്നമംഗലം പോലീസ് കേസെടുത്തു.

എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ പരാതിയില്‍ കുന്ദമംഗലം പോലീസാണ് കലാപാഹ്വാനത്തിനു കേസെടുത്തത്. ഐപിസി 153 പ്രകാരമാണ് കേസ്. എസ്എഫ്ഐ , കെഎസ്യു, എം എസ് എഫ് എന്നിവര്‍ ഷൈജക്കെതിരെ പരാതി നല്‍കിയിരുന്നു.

ഷൈജ ആണ്ടവനെ എന്‍ഐടിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്ഐ പറഞ്ഞു.

നേരത്തെ ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നാഥൂറാം വിനായക് ഗോഡ്‌സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന വിശേഷണത്തോടെ പങ്കുവച്ച ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിന് കീഴെയായിരുന്നു ‘പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിങ് ഇന്ത്യ’ എന്ന് പ്രൊഫ. ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവന്‍. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയെ അനുകൂലിച്ചുള്ള ഷൈജ ആണ്ടവന്റെ അഭിപ്രായ പ്രകടനം വിവാദമായതോടെയാണ് കമന്റ് ഡിലീറ്റ് ചെയ്തത്.

നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ എന്‍ ഐ ടിയില്‍ സംഘടിപ്പിച്ച ആഘോഷത്തിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്ത കോഴിക്കോട് എന്‍ഐടി അധികൃതരുടെ നടപടിയും വിവാദമായിരുന്നു.

Advertisement