പിവി ശ്രീനിജന്‍റെ കേസില്‍ സാബു എം ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞ് കോടതി

Advertisement

കൊച്ചി. പി വി ശ്രീനിജന്‍ എംഎല്‍എയെ പൊതുവേദിയില്‍ അപമാനിച്ച കേസില്‍ ട്വന്റി ട്വന്റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.

കോടതി മാര്‍ച്ച് 3 വരെയാണ് അറസ്റ്റ് തടഞ്ഞത്. പട്ടികജാതി പട്ടിക വര്‍ഗ പീഡനം തടയല്‍ നിയമ പ്രകാരമെടുത്ത കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സാബു എം ജേക്കബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

കോടതി കേസ് അന്വേഷണവുമായി സഹകരിക്കാന്‍ സാബു എം ജേക്കബിന് നിര്‍ദ്ദേശം നല്‍കി. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെങ്കിലും പോലീസ് നടപടിക്ക് മുന്‍പ് സാബു എം ജേക്കബ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ വ്യക്തിപരായ ഒരു അധിക്ഷേപവും ആര്‍ക്കുമെതിരെയും നടത്തിയിട്ടില്ലെന്നാണ് സാബു എം ജേക്കബിന്റെ വിശദീകരണം.

ട്വന്റി 20 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാസം 21 ന് പൂത്തൃക്കയില്‍ നടത്തിയ സമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിലാണ് സാബു എം ജേക്കബിനെതിരെ പോലീസ് കേസെടുത്തത്. കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള പ്രകോപന പ്രസംഗം എന്നതിലാണ് കേസ്. ജാമ്യം ലഭിക്കാവുന്ന 153 വകുപ്പാണ് പോലീസ് സാബു എം ജേക്കബിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രസംഗത്തിലൂടെ പി വി ശ്രീനിജിന്‍ എം എല്‍ എയെ ഇകഴ്ത്തി കാണിക്കാനും മോശക്കാരനായി ചിത്രീകരിക്കാനും ശ്രമിച്ചതായി എഫ് ഐ ആറിലുണ്ട്.