തൃശൂര്‍. പ്രവര്‍ത്തകരുടെ ആവേശപ്പൂരം കൊടിയുയര്‍ത്തിയ മഹാജനസഭയോടെ കോൺഗ്രസിന്റെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഔദ്യോഗിക തുടക്കം . ഫെഡറൽ സംവിധാനങ്ങൾ നിലനിൽക്കണമെങ്കിൽ ബിജെപിയെ പുറത്താക്കണമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗേ ആവശ്യപ്പെട്ടു . ഇടതുപക്ഷത്തിനെതിരെ ഖർഗെ ഒരക്ഷരം മിണ്ടാതിരുന്നപ്പോൾ, കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത് സിപിഐഎമ്മിന് എതിരായ വിമർശനമാണ്.
അണികളെ നിരത്തി തേക്കിൻകാട് മൈതാനത്ത് കോൺഗ്രസിന്റെ ശക്തി പ്രകടനം. ഓരോ ബൂത്തുകളിൽ നിന്നും 3 വീതം ഭാരവാഹികളും മണ്ഡലം മുതൽ എഐസിസി തലം വരെയുള്ള കേരളത്തിൽ നിന്നുള്ള ഭാരവാഹികളും സമ്മേളനത്തിൽ അണിനിരന്നപ്പോൾ തേക്കിൻകാട് ത്രിവർണത്തിൽ മുങ്ങി. ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിന്റെ പ്രവർത്തനരീതിയിൽ അടിമുടി മാറ്റംകൊണ്ടുവരാൻ ലക്ഷ്യമിട്ട് നടത്തിയ സമ്മേളനം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിൽ ഉടനീളം കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച ഖർഗെ, ഫെഡറൽ സംവിധാനത്തെ കേന്ദ്രം തകർത്തുവെന്നും ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കൊടി ഉയരാൻ അനുവദിക്കരുതെന്നും ആഹ്വാനം ചെയ്തു.
ഇന്ത്യാ സഖ്യത്തിനൊപ്പമുള്ള ഇടതുപക്ഷത്തെ ദേശീയ അധ്യക്ഷൻ തൊടാതിരുന്നപ്പോൾ, കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പ്രസംഗത്തിൽ നിറഞ്ഞുനിന്നത് പിണറായി സർക്കാരിന് എതിരായ വിമർശനം.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി തുടങ്ങിയ നേതാക്കള്‍ മഹാജനസഭയിൽ പങ്കെടുത്തു. ഒരുമാസം മുമ്പ് തൃശൂരിൽ നിന്ന് ബിജെപി തുടങ്ങിവച്ച തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള രാഷ്ട്രീയ മറുപടി കൂടിയായി കോൺഗ്രസിന്റെ മഹാ ജനസഭ.