കേരളത്തിന്റെ സമ്പദ് ഘടന സൂര്യോദയ സമ്പദ്ഘടനയായി മാറിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തിന്റെ സ്ഥാനം രാജ്യത്തിന്റെ മുൻനിരയിലാണ്. കേരളം മുടിഞ്ഞെന്ന് പറയുന്നവരെ നിരാശപ്പെടുത്തുന്നതാണ് കണക്കുകൾ. നാട് മികച്ച നേട്ടങ്ങൾ കൈവരിക്കുന്നു. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങൾ ആമുഖമായി പറയുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
കേന്ദ്രം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടും തകരില്ല കേരളം, തളരില്ല കേരളം തകർക്കാനാകില്ല കേരളത്തെ എന്നുറപ്പിച്ചാണ് മുന്നേറുന്നത്. പൊതു സ്വകാര്യ മൂലധനം ഉറപ്പാക്കാനുള്ള പദ്ധതികൾ കൊണ്ട് വരും. അടുത്ത മൂന്ന് വര്‍ഷത്തിൽ മൂന്ന് ലക്ഷം കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമങ്ങൾ ഫലം കണ്ട് തുടങ്ങി. കേരളം ഒട്ടേറെ മാറി. കേന്ദ്രം സാമ്പത്തിക ഉപരോധത്തിൽ വിറങ്ങലിച്ച് നിൽക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് മൂലധന നിക്ഷേപം ആരംഭിച്ചു. വിദേശത്ത് നിന്ന് രോഗികൾക്ക് കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ചികിത്സയ്ക്ക് സൗകര്യമൊരുക്കും. കേരളത്തിലെ പുതുതലമുറ വ്യവസായങ്ങൾക്ക് മൂലധന, പലിശ സബ്‌സിഡി നടപ്പാക്കും. ഇതിനായി പുതുതലമുറ നിക്ഷേപ മാര്‍ഗങ്ങൾ സ്വീകരിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
സിയാൽ മോഡൽ മുതൽ പുതുതലമുറ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നിയമ നിർമ്മാണം കൊണ്ട് വരും. വിഴിഞ്ഞം തുറമുഖം മെയ് മാസത്തിൽ തുറക്കും.
പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നു. ഇതിനാൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. ഇതുള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം കൊണ്ട് വരും. വിദേശ സർവകലാശാല ക്യാമ്പസുകൾ കേരളത്തിലും ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.