മാസപ്പടി കേസ്, സിഎംആര്‍എല്‍ ആസ്ഥാനത്ത് ഇടിമിന്നല്‍ പോലെ എസ്എഫ്ഐഒ

Advertisement

കൊച്ചി .മാസപ്പടി കേസില്‍ ആലുവയിലെ സിഎംആര്‍എല്‍ ആസ്ഥാനത്ത് റെയ്ഡ് നടത്തി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. ഡെപ്യൂട്ടി ഡയറക്ടര്‍ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. എക്സാലോജിക്കിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.


രാവിലെ ഒന്‍പത് മണിക്ക് സിഎംആര്‍എല്‍ ആസ്ഥാനത്ത് ആരംഭിച്ച റെയ്ഡ്നാല് മണി വരെ നീണ്ടു നിന്നു. മുൻകൂട്ടി അറിയിക്കാതെ എത്തിയ അന്വേഷണസംഘം രേഖകള്‍ പരിശോധിക്കുകയും ജീവനക്കാരുടെ മൊഴിയെടുക്കുകയും ചെയ്തു. കമ്പനി ജീവനക്കാരോട് മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിര്‍ദേശം നല്‍കിയശേഷമാണ് പരിശോധന ആരംഭിച്ചത്. നിലവില്‍ പ്രാഥമിക പരിശോധനയാണ് എസ്എഫ്ഐഒ നടത്തുന്നത്. ശേഷം സമഗ്രമായ റിപ്പോര്‍ട്ട് കോര്‍പ്പറേറ്റ് മന്ത്രാലയത്തിന് കൈമാറും. കേസെടുക്കലും ചോദ്യം ചെയ്യലും തുടര്‍ന്നാകും നടക്കുക. എക്സാലോജിക്കിന് എതിരായ എസ്എഫ്ഐഒ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസിയും ഉൾപ്പെടും.

എക്സാലോജിക്കിനെതിരെ നടക്കുന്ന രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ അന്വേഷണം സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് കൈമാറി അടുത്തിടെയാണ് ഉത്തരവിറങ്ങിയത്. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.

Advertisement