ന്യൂഡെല്‍ഹി. കേന്ദ്രനയങ്ങൾക്കെതിരെ ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രതിഷേധം ഇന്ന്.
രാവിലെ പതിനൊന്നു മുതൽ ഉച്ചക്ക് രണ്ടു വരെ ജന്തർ മന്ദറിൽ ആണ് സമരം.ഇന്ത്യ സഖ്യ ത്തിലെ ഭൂരിഭാഗം പാർട്ടികളും പങ്കെടുക്കുന്ന പ്രതിഷേധത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ല.
കേന്ദ്ര നയങ്ങൾക്ക് എതിരായ പ്രതിഷേധത്തെ ദേശീയ തലത്തിലെ പ്രതിപക്ഷ പ്രതിഷേധമാക്കാനാണ് കേരള സർക്കാരിന്റെ ശ്രമം.രാവിലെ 10.30 ന് മുഖ്യമന്ത്രി യുടെ നേതൃത്വത്തിൽ കേരള ഹൗസിൽ നിന്നും പ്രതിഷേധ മാർച്ച് ആയി ജന്തർ മന്തറിലെ പ്രതിഷേധ വേദിയിലേക്ക് നീങ്ങും.മൂന്നു നിരകളിലായി 120 പേർക്ക് ഇരിക്കാനുള്ള ക്രമീകരണമാണ് സമരവേദിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയും, പ്രതിഷേധത്തിന് എത്തുന്ന ദേശീയ നേതാക്കളും ആദ്യനിരയിൽ ഇരിക്കും.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് വാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, എൻസിപി അധ്യക്ഷൻ ശരത് പവാർ, കപിൽ സിബൽ,ഫാറൂഖ് അബ്ദുള്ള തുടങ്ങിയവരും, ഡിഎംകെ സമാജ് വാദി പാർട്ടി,ജെ എം എം,ആർ ജെ ഡി എന്നീ പാർട്ടികളുടെ പ്രതിനിധികളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഡൽഹിയിലെ വിവിധ സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും. ഇന്ത്യ സഖ്യത്തിന്റെ ഭൂരിഭാഗം പാർട്ടികളും പ്രതിഷേധത്തില്‍ പങ്കെടുക്കുമ്പോൾ, കോണ്ഗ്രസ് വിട്ടുനിൽക്കും.