കൊച്ചി. വ്യാജ എൽഎസ്ഡി കേസിൽ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ കുടുക്കിയ കേസിലെ പ്രതി തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. ഹണി ട്രാപ്പും, വഞ്ചന കേസും , വാഹന മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഒളിവിൽ കഴിയുന്ന നാരായണദാസ്.
വ്യാജ എൽഎസ്ഡി കേസിൽ ജയിൽശിക്ഷ അനുഭവിച്ച ചാലക്കുടി സ്വദേശി ഷീലയെ കുടുക്കിയത് ആരെന്ന് ചോദ്യമാണ് തൃപ്പൂണിത്തുറ സ്വദേശി നാരായണ ദാസിൽ എത്തിയത്. ഫിറ്റനസ് പരിശീലകൻ, വ്യവസായി അങ്ങനെ പല പേരുകളിലും നാരായണദാസ് അറിയപ്പെടുന്നു. എന്നാൽ എക്സൈസ് സംഘം വേട്ടയാടുന്നെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയപ്പോഴാണ് ഇയാളുടെ പശ്ചാത്തലം പുറത്തുവരുന്നത്
തൃപ്പൂണിത്തുറയിലെ വ്യവസായിയെ , മയക്കുമരുന്ന് കേസിൽ കുടുക്കാൻ ഡിഐജിയുടെ വേഷത്തിലെത്തി ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായിരുന്നു നാരായണദാസ്. സംഭവം 2015ലാണ്. നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ് ശങ്കറും ഇയാളുടെ കൂട്ടാളിയായിരുന്നു. അന്ന് നാർക്കാട്ടിക് സിഐയുടെ വേഷത്തിലെത്തി വ്യവസായിയെ ഭീഷണിപ്പെടുത്തിയത് സായിയായിരുന്നു. സ്ത്രീകളെ ഉപയോഗിച്ച് , ക്വാറി ഉടമകളിൽ നിന്നും , പ്രമുഖരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ സംഭവത്തിലും നാരായണ ദാസിൻറെ പേരുണ്ട്.
ഇത് മാത്രമല്ല , തൃശ്ശൂർ , എറണാകുളം ജില്ലകളിലായ പതിനാറ് വാഹന മോഷണ കേസുകളും നാരായണ ദാസിൻറെ പേരിലുണ്ട്. ഇത്രയും കേസുകളിൽ പ്രതിയായിരുന്നിട്ടും, ഇയാൾ ആകെ ജയിലിൽ കിടന്നിട്ടുള്ളത് ഒന്നര വർഷം മാത്രമാണ്.പല കേസുകളും കോടതിയുടെ പരിഗണനയിലാണ്. പ്രത്യേകിച്ച് ജോലി ഒന്നുമില്ലാത്തയാൾ തൃപ്പൂണിത്തുറയിൽ കോടികൾ വിലവരുന്ന ആഡംബര വീടും, സ്ഥലവും സ്വന്തമാക്കിയതിൻരെ സ്രോതസ്സും വ്യക്തമല്ല. ഷീല സണ്ണിയെ കുടുക്കിയ കേസിൽ എക്സൈസ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ഇയാൾ ഇതുവരെ എത്തിയിട്ടില്ല. ഒളിവിൽ കഴിയുന്ന ഇയാളെ ചോദ്യം ചെയ്യുമ്പോൾ വ്യാജ ലഹരി കേസിൻറെ ചുരളഴിയുമെന്ന് പ്രതീക്ഷിക്കാം.