നീതി നിഷേധം ഭരണഘടനാ ലംഘനം: ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

Advertisement

കെ സി സി അവകാശ സംരക്ഷണ നീതി യാത്ര സെക്രട്ടറിയറ്റ് മാർച്ചോടെ സമാപിച്ചു

തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തിന് അർഹതപ്പെട്ട നീതി നിഷേധിക്കുന്നത് ഭരണഘടനാ ലംഘനവും അധാർമ്മികതയും ആണന്ന് നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡൻറ് ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ നേതൃതത്തിൽ ജനുവരി 29 ന് തിരുവല്ലയിൽ നിന്നാരംഭിച്ച ക്രൈസ്തവ അവകാശ സംരക്ഷണ നീതി യാത്ര യുടെ സമാപനം കുറിച്ച നടന്ന സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായി അദ്ദേഹം.
ക്രൈസ്തവർക്കെതിരായ നിയമ നിർമ്മാണങ്ങൾ ഒന്നിച്ച് നിന്ന് ചെറുത്ത് തോല്പിക്കണം. വിദ്യാഭ്യസ തൊഴിൽ മേഖലകളിൽ ദലിത് ക്രൈസ്തവരുപ്പെടെയുള്ള ജനവിഭാഗങ്ങളെ സർക്കാർ തികച്ചും അവഗണിക്കുകയാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഒരു തൊഴിൽ ചെയ്യുന്ന ആളുകളെ രണ്ട് വിഭാഗമായി തരം തിരിക്കുന്ന അനീതി ഉത്കണ്ഠാകുലമാണെന്നും പൂർണ സമയ സുവിശേഷകർക്ക് ക്ഷേമനിധി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശീ തരൂർ എം പി, കെ സി സി ജനറൽ സെക്രട്ടറിയും നീതി യാത്രക്യാപ്റ്റനുമായ ഡോ.പ്രകാശ് പി തോമസ്,കെ സി സി ട്രഷറർ റവ.ഡോ.റ്റി ഐ ജെയിംസ്, വൈസ് പ്രസിഡൻ്റ് ഷിബി പീറ്റർ, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ, ബിഷപ്പ് ഡോ. സെൽവ ദാസ് പ്രമോദ്, ബിഷപ്പ് ഡോ.ഓസ്റ്റിൻ എം എ പോൾ, ലൂഥറൻ സഭ സിനഡ് പ്രസിഡൻ്റ് റവ.മോഹനൻ മാനുവേൽ, ഇസി ഐ ബിഷപ്പ് കമ്മിസറി റവ. ഹെൻട്രി ഡി ദാവീദ്, കെ സി സി ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ .ആർ നോബിൾ, എന്നിവർ പ്രസംഗിച്ചു.

ആയിരങ്ങൾ പങ്കെടുത്ത സെക്രട്ടറിയറ്റ് മാർച്ച് പാളയം എൽ എം എസ് പള്ളി പരിസരത്ത് നിന്ന് സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ കേണൽ ജോൺ വില്യം പൊളിമെറ്റ്ല ഉദ്ഘാടനം ചെയ്തു. സാൽവേഷൻ ആർമി ചീഫ് സെക്രട്ടറി ലെഫ്.കേണൽ ജെ.ഡാനിയേൽ ജെ.രാജ്, പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ സജു ഡാനിയേൽ, കെ സി സി മുൻ ട്രഷറർ റവ. എൽ.റ്റി പവിത്ര സിങ്, കെ സി സി വനിതാ കമ്മീഷൻ ചെയർമാൻ ധന്യാ ജോസ്, ക്ലർജി കമ്മീഷൻ ജില്ലാ ചെയർമാൻ ഫാ.സജി മേക്കാട്ട്, മേജർ റ്റി.ഇ.സ്റ്റീഫൻസൺ, ഷിബു.കെ., റവ.ഡോ.ജെ.ഡബ്ളിയു പ്രകാശ് എന്നിവർ നേതൃത്വം നൽകി.
ജസ്റ്റീസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പിലാക്കുക, ന്യുനപക്ഷ സ്ക്കോളർഷിപ്പ് വിഷയത്തിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ പിൻവലിക്കുക, ദലിത് ക്രൈസ്തവ വിദ്യാർത്ഥികളുടെ വെട്ടിക്കുറച്ച വിദ്യാഭ്യാസ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കുക, ജനസംഖ്യാനുപാതിക സംവരണം നൽക്കുക, പൂർണ്ണ സമയ സുവിശേഷ പ്രവർത്തകർക്ക് ക്ഷേമനിധി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടന്ന നീതി യാത്ര കെ സി സി ജനറൽസെക്രട്ടറി ഡോ.പ്രകാശ് പി തോമസാണ് നയിച്ചത്.

Advertisement