സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള നീക്കത്തിന് എതിരെ സിപിഐ

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത് വിദേശ സര്‍വകലാശാലകള്‍ അനുവദിക്കാനുള്ള നീക്കത്തിന് എതിരെ സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവില്‍ വിമര്‍ശനം. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യാതെയാണ് നയപരമായ തീരുമാനം പ്രഖ്യാപിച്ചതെന്നാണ് വിമര്‍ശനം. അതിനിടെ വിദേശ സര്‍വകലാശാലകള്‍ വരുന്നതിനെ അനുകൂലിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍ രംഗത്തെത്തി. സ്വകാര്യ സര്‍വകലാശാലകള്‍ വന്നാല്‍ നിലവിലെ സര്‍വകലാശാലകള്‍ തകര്‍ന്നുപോകില്ലെന്നും ആരോഗ്യപരമായ മത്സരം ഉണ്ടാകട്ടെയെന്നും സ്പീക്കര്‍ പറഞ്ഞു.

വിദേശ സര്‍വകലാശാലകള്‍ കേരളത്തില്‍ തുടങ്ങാനുള്ള ബജറ്റിലെ പ്രഖ്യാപനമാണ് സി.പി.ഐ എക്‌സിക്യുട്ടീവില്‍ വിമര്‍ശനത്തിനിടയാക്കിയത്. വിദേശ സര്‍വകലാശാല എന്ന നയത്തെ സി.പി.ഐയും ഇടതുപക്ഷവും എതിര്‍ക്കുന്നതാണ്. കേന്ദ്രത്തിന്റേയോ യു.ജി.സിയുടേയോ നിര്‍ദ്ദേശത്തെ അംഗീകരിക്കുകയല്ല മറിച്ച് വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ബജറ്റിലുണ്ടായതെന്നാണ് വിമര്‍ശനം. നിക്ഷേപം ആകര്‍ഷിക്കാനാണെങ്കില്‍പോലും ഇക്കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണം. എന്നാല്‍ വിദേശസര്‍വകലാശാലയുമായി ബന്ധപ്പെട്ട നയം മുന്നണിയില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഏകപക്ഷീയമായി ഇതു ബജറ്റില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിമര്‍ശമാണ് എക്‌സിക്യുട്ടീവ് യോഗത്തില്‍ ഉയര്‍ന്നത്. ഇതിനിടെ, വിദേശ സര്‍വകലാശാലകള്‍ വരുന്നതിനെ അനുകൂലിച്ചു സ്പീക്കര്‍ എ.എന്‍.ഷംസീര്‍ രംഗത്തെത്തി.

വിദേശ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ബജറ്റിന് പിന്നാലെ ഇടതുമുന്നണിയില്‍ അതൃപ്തി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യ വിമര്‍ശനം വേണ്ടെന്ന നിലപാടാണ് മുന്നണിയിലെ പാര്‍ട്ടികള്‍ക്കുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുന്നണിയില്‍ വിശദമായ ചര്‍ച്ചയുണ്ടാകുമ്പോള്‍ നിലപാട് വ്യക്തമാക്കാനാണ് തീരുമാനം

Advertisement