കള്ളുഷാപ്പില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവു മരിച്ചു

Advertisement

കുട്ടനാട് : രാമങ്കരി കുന്നങ്കരി വാഴയില്‍ കള്ളുഷാപ്പില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവു മരിച്ചു.രണ്ടുപേര്‍ അറസ്റ്റില്‍.

കോഴിക്കോട് മാവൂര്‍ ചെറുപ്പപാറ വീട്ടില്‍ വേണുവിന്റെ മകന്‍ മുരളിയാണ് (37) മരിച്ചത്. കൊട്ടാരക്കര മൈലം പഞ്ചായത്ത് 7-ാം വാര്‍ഡില്‍ ബംഗ്ലാതറ വീട്ടില്‍ ശ്രീക്കുട്ടന്‍ (24), ഷാപ്പ് ജീവനക്കാരന്‍ കോട്ടയം കുറിച്ചി പഞ്ചായത്തില്‍ 4-ാം വാര്‍ഡില്‍ മട്ടാഞ്ചേരി വീട്ടില്‍ മെവിന്‍ എം.ജോയ് (27) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കളായ മുരളിയും ശ്രീക്കുട്ടനും സംഭവം നടന്ന ഷാപ്പില്‍ ഇടയ്ക്കിടെ എത്താറുണ്ടായിരുന്നെന്നു പോലീസ് പറഞ്ഞു. ചില ദിവസങ്ങളില്‍ അവിടെ കിടന്നുറങ്ങാറുമുണ്ട്.

മെബിന്റെ സഹോദരിയെ വിവാഹംകഴിച്ചു നല്‍കണമെന്നു മുരളി ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ സഹോദരിയെ അസഭ്യം പറഞ്ഞു. അതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. അടിപിടിയായതോടെ ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടനും മെബിനൊപ്പം ചേര്‍ന്ന് വിറകുകൊള്ളികൊണ്ട് മുരളിയെ അടിച്ചു നിലത്തുവീണതോടെ ഇരുവരും മുങ്ങിയെന്ന് പോലീസ് പറഞ്ഞു .

പുലര്‍ച്ചെ 5 മണിയോടെ ഷാപ്പ് മാനേജര്‍ക്കൊപ്പം ഇരുവരും ചേര്‍ന്നു മുരളിയെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞെത്തിയ രാമങ്കരി പോലീസ് മെബിനെ അറസ്റ്റുചെയ്തു. ഒളിവില്‍പ്പോയ ശ്രീക്കുട്ടനെ ശനിയാഴ്ച വൈകീട്ടോടെ റാന്നിയില്‍നിന്നാണ് അറസ്റ്റുചെയ്തത്.രാമങ്കരി ഇന്‍സ്‌പെക്ടര്‍ ജെ. പ്രദീപ്, എസ്.ഐ. മാരായ സഞ്ജീവ്, മുരുകന്‍, എ.എസ്.ഐ. പ്രേംജിത്ത്, റിജോ എന്നിവര്‍ പോലീസ് സഘത്തിലുണ്ടായിരുന്നു.

Advertisement