മാനന്തവാടി. തിരുനെല്ലി ബാവലി മേഖലയിൽ ഭീതി പരത്തുന്ന ആളെ കൊല്ലി ആനയായ ബേലൂർ മഗ്നയെ പിടികൂടാതുള്ള ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. ആനയുടെ റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറയ്ക്ക് ദൗത്യസംഘം ഇറങ്ങും. ആനയെ ഉചിതമായ സ്ഥലത്ത് ലഭിക്കുകയാണെങ്കിൽ മയക്ക് വെടിവയ്ക്കും. ഇന്നലെ ആർ ആർ ടി സംഘം ആനയ്ക്ക് പിറകെ ഉണ്ടായിരുന്നെങ്കിലും അതിവേഗത്തിലാണ് ആനയുടെ ചലനം. ഇതുമൂലം മയക്കു വെടി ശ്രമം വിജയം കണ്ടില്ല. ഇന്ന് മണ്ണാർക്കാട് നിലമ്പൂർ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ RRT സംഘങ്ങൾ മാനന്തവാടിയിൽ എത്തുന്നുണ്ട്. ആനയെ ട്രാക്ക് ചെയ്താൽ വേഗത്തിൽ തന്നെ നടപടികൾ പൂർത്തിയാക്കാൻ കഴിയും എന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ.
ആനയുടെ സാന്നിധ്യമുള്ള തിരുനെല്ലി പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ് . മാനന്തവാടി നഗരസഭയിലെ കുറുക്കൻ മൂല , കുറുവ, കാടംകൊല്ലി , പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. ദൗത്യം പൂർത്തിയാകും വരെ ആളുകൾ അനാവശ്യമായി പുറത്തിറങ്ങരുത് എന്നുള്ളതാണ് ജില്ലാ കലക്ടറുടെ നിർദ്ദേശം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ന് മാനന്തവാടി ഡി എഫ് ഓ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും നടത്തുന്നുണ്ട് . വനം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം