ആനക്കാര്യം തന്നെയാണ് ചേനകൃഷിക്കാര്യം

Advertisement

ഫെബ്രുവരി,മാർച്ച് മാസങ്ങൾ ചേന ക്യഷിക്ക് അത്യുത്തമം;അറിയാം
ചേനയുടെ വിശേഷണങ്ങൾ

ഫെബ്രുവരി- മാർച്ച് മാസങ്ങളാണ് ചേന കൃഷിക്ക് ഏറ്റവും യോജിച്ച സമയം.നല്ല നീർവാർച്ചയുള്ള മണ്ണിലാണ് കൃഷി ചെയ്യേണ്ടത്.തെങ്ങിൻ തോപ്പുകളിൽ ഇടവിളയായി വളർത്തുന്നതിന് യോജിച്ച വിളയാണിത്.ശ്രീ പത്മ,ശ്രീ ആതിര എന്നിവ 8-9 മാസം കൊണ്ട് വിളവെടുക്കാനാകുന്ന ഉല്പാദനശേഷി കൂടിയ ഇനങ്ങളാണ്.

സാമ്പാർ,അവിയൽ, മെഴുക്കുപുരട്ടി, എരിശ്ശേരി,കാളൻ എന്നിങ്ങനെ അനേകം സ്വാദിഷ്ടമായ വിഭവങ്ങളിലെ പ്രധാന ചേരുവയാണ്
ചേന.കാൽസ്യം,ഫോസ്ഫറസ്,ജീവകം എ എന്നിവ ധാരാളമായി ചേനയിൽ അടങ്ങിയിട്ടുണ്ട്.ഒപ്പം മാംസ്യം,ധാതുക്കൾ, നാരുകൾ,ഇരുമ്പ്,തയമിൻ, നിയാസിൻ,റൈബോഫ്ലേവിൻ എന്നിവയും ചേനയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നു.

ക്യഷിരീതി

60 സെന്റീ മീറ്റർ നീളവും 45 സെന്റീ മീറ്റർ ആഴവുമുള്ള കുഴികളിലാണ് ചേന നടേണ്ടത്.കുഴികൾ തമ്മിൽ 90 സെന്റീമീറ്റർ അകലം പാലിക്കാം.ഇത്തരത്തിൽ തയ്യാറാക്കിയ കുഴികളിൽ രണ്ട് -രണ്ടര കിലോഗ്രാം ചാണകമോ,കമ്പോസ്റ്റോ മേൽമണ്ണുമായി ചേർത്ത് നിറയ്ക്കാം.ഏകദേശം ഒരു കിലോഗ്രാം തൂക്കം വരുന്നതും ഒരു മുളയെങ്കിലും ഉള്ളതുമായ വിത്തുകൾ നടാനായി ഉപയോഗിക്കാം.നടാനുള്ള കഷണങ്ങൾ ചാണകവെള്ളത്തിൽ മുക്കി ചപ്പുചവറുകൾ കൊണ്ട് പുതയിടണം.ഒരു മാസത്തിനുള്ളിൽ ഇവ മുളച്ചു തുടങ്ങും.ചേനയുടെ വശങ്ങളിൽ നിന്നും ഉണ്ടാകുന്ന ചെറിയ ഭാഗങ്ങൾ, മുളപ്പിച്ചെടുത്ത ചെറു ചേന കഷണങ്ങൾ എന്നിവയും നടാനായി ഉപയോഗിക്കാം.