പുതുച്ചേരി: പഞ്ഞി മിഠായി നിര്‍മ്മാണത്തില്‍ വിഷകരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ പഞ്ഞിമിഠായിയുടെ വില്‍പ്പന നിരോധിച്ചു. പുതുച്ചേരി ഗവര്‍ണര്‍ തമിളിസൈ സൗന്ദരരാജനാണ് വ്യാഴാഴ്ച നിരോധനം പ്രഖ്യാപിച്ചത്.
തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്ന കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതിനാലാണ് നിരോധനമെന്നും ഗവര്‍ണര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ പഞ്ഞിമിഠായിയില്‍ റോഡമൈന്‍-ബി എന്ന ടോക്‌സിക്ക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എല്ലാം പഞ്ഞിമിഠായി വില്‍ക്കുന്ന കടകളിലും പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഉദോഗ്യസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയട്ടുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. ടോക്‌സിക് കെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ കടകള്‍ പൂട്ടണമെന്നും നിര്‍ദേശമുണ്ട്. നിറങ്ങള്‍ അമിതമായ അളവില്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ബോധവാന്മാരാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.