ശൂരനാട് കലാപത്തിന്‍റെ രാഷ്ട്രീയം, അധികാര പ്രമത്തതയ്ക്കുമുന്നില്‍ ഇല്ലാതാക്കപ്പെട്ടവരുടെ ജീവിതത്തിന്‍റെ ആകെ വില

Advertisement

തിരുവനന്തപുരം. ശൂരനാട് കലാപത്തിന്‍റെ രാഷ്ട്രീയം, അധികാരപ്രമത്തതയ്ക്കുമുന്നില്‍ ഇല്ലാതാക്കപ്പെട്ടവരുടെ ജീവിതത്തിന്‍റെ ആകെ വിലയായിരുന്നുവെന്ന് കഥാകാരനായ ഹരികുറിശേരി അഭിപ്രായപ്പെട്ടു. അധികാരമുള്ളവന്‍ അതു നഷ്ടമാവാതെ കാക്കാന്‍ വഴിതേടിക്കൊണ്ടിരിക്കും,കാടകങ്ങളിലേക്ക് നാമിന്നും തോക്കുകളുമായി പോകുന്നത് അതിനുവേണ്ടിത്തന്നെയാണ്. അധികാരത്തെ ചെറുത്തതിന്‍റെ പേരില്‍ എന്നേക്കുമായി ഛിന്നഭിന്നമാക്കപ്പെട്ട ജീവിതങ്ങളെപ്പറ്റിയാണ് ചോപ്പ് പറയുന്നതെന്നും കഥാകാരന്‍ വിവരിച്ചു.

കേരളസർവകലാശാല മലയാളവിഭാഗത്തിലെ ഗവേഷകർക്കും വിദ്യാർഥികൾക്കും എഴുത്തുകാരുമായി സംവദിക്കാനുള്ള വേദിയായ സർഗസാഹിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക പ്രശ്നങ്ങളോട് നിരന്തര സമരത്തിലേർപ്പെടുകയും വ്യവസ്ഥിതികളോടു പൊരുതാൻ ശ്രമിക്കുകയും ചെയ്ത ഭിന്നശേഷിക്കാരനായ സച്ചിദാനന്ദൻ എന്ന കഥാപാത്രത്തിൻ്റെ സൃഷ്ടിയിലൂടെ മലയാളനോവൽ ചരിത്രത്തിൽത്തന്നെ സവിശേഷമായ ഇടം നേടിയ ‘മണലാഴം’ എന്ന നോവലും ചര്‍ച്ചയിലെത്തി.ചോപ്പ് നോവലിനെയും മുഖ്യപ്രമേയമായ ശൂരനാടു കലാപത്തെയും ഗവേഷകനായ വിശാഖ് കാടാച്ചിറ പരിചയപ്പെടുത്തി. തുടർന്നു നടന്ന ചർച്ചയിൽ ഡോ. റ്റി.കെ. സന്തോഷ് കുമാർ, ഡോ. ഷീബ. എം. കുര്യൻ, ഗവേഷക ശാന്തിനി, മാധ്യമപ്രവർത്തകൻ ഹരിപ്രസാദ് എന്നിവർ പങ്കെടുത്തു. മലയാള വിഭാഗം മേധാവി ഡോ. സീമാ ജെറോം പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
രണ്ടു നോവലുകളുടെയും എഴുത്തു വഴികളെയും പ്രതിനിധാനങ്ങളെയും കുറിച്ച് നോവലിസ്റ്റ് വിശദമായി സംസാരിച്ചു