തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിക്കും. സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
13 ഇനം സാധനങ്ങള്‍ക്ക് നല്‍കിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു.
നിലവില്‍ സര്‍ക്കാരും സപ്ലൈകോയും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. ചെറുപയർ, ഉഴുന്ന്, കടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്‌ക്ക് വില കൂടും.
സബ്സിഡി നിരക്കില്‍ 13 സാധനങ്ങള്‍ നല്‍കുന്നതിന് ഒരു വർഷം 350 കോടി രൂപയാണു സപ്ലൈകോയുടെ ചെലവ്. നിലവില്‍ 1000 കോടി രൂപയിലേറെ വിതരണക്കാർക്കു കുടിശികയുണ്ട്. മാസം 40 ലക്ഷം വരെ റേഷൻ കാർഡ് ഉടമകളാണു സപ്ലൈകോയിലെത്തി സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നത്. എന്നാല്‍ 6 മാസത്തിലേറെയായി പല സാധനങ്ങളും വില്‍പനശാലകളില്‍ ഇല്ല.
2016ല്‍ എല്‍.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിക്കില്ല എന്നത്. എന്നാൽ അഞ്ച് വർഷം വില കൂട്ടിയില്ല. ഇപ്പോൾ മൂന്ന് വർഷം കൂടി കഴിഞ്ഞതോടെയാണ് വില നിയന്ത്രണത്തിന് സർക്കാർ ശ്രമിക്കുന്നതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞു .വില വർധന ജനങ്ങളെ ബാധിക്കില്ലെന്നും മൂന്ന് മാസത്തിലൊരിക്കൽ വില റിവ്യൂ ചെയ്ത് മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി പറഞ്ഞു.