വാർത്താനോട്ടം

Advertisement

2024 ഫെബ്രുവരി 16 വെള്ളി

BREAKING NEWS

👉കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ ഉച്ചമുതൽ കാണാതായ ആദിത്യൻ, അമൽ എന്നീ കുട്ടികളുടെ മൃതദേഹം കല്ലടയാറ്റിൽ കണ്ടെത്തി

👉പാലക്കാട് പുതുശ്ശേരിയിൽ കൊയ്യാറായ വയലിൽ കാട്ടാനയിറങ്ങി നെൽകൃഷി നശിപ്പിച്ചു.

👉 തെലങ്കാനയിൽ രംഗ റെഢി ജില്ലയിൽ ദലിത് ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെ ബജറംഗ്ദൾ അക്രമണം. 200 ലേറെ വരുന്ന അക്രമിസംഘം പളളി തകർത്തു.
20 പേർക്ക് പരിക്ക്.

👉ഇടുക്കിയിൽ കാട്ടാനയെ കണ്ട് ഓടി വീണ് പരിക്കേറ്റ പാൽത്തായ എന്ന വീട്ടമ്മയെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

🌴 കേരളീയം 🌴

🙏കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ത് കേരളത്തില്‍ ബാധിക്കില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി രാജ്ഭവനും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും ഉപരോധിക്കും.

🙏സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന്റെ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്സാലോജിക് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് കര്‍ണാടക ഹൈക്കോടതി ഇടക്കാല വിധി പ്രസ്താവിക്കും.

🙏പ്രധാനമന്ത്രി ഈ മാസം 27 ന് തിരുവനന്തപുരത്ത് എത്തും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. റോഡ് ഷോയുമുണ്ടാകും.

🙏വയനാട്ടിലെ ആക്രമണകാരികളായ വന്യജീവികളെ കൈകാര്യം ചെയ്യാന്‍ വയനാട്ടില്‍ സിസിഎഫ് റാങ്കിലുള്ള സ്പെഷല്‍ ഓഫീസറെ നിയമിക്കും. പ്രത്യേക അധികാരങ്ങളോടുകൂടിയ ഓഫീസറായിരിക്കും വന്യജീവി ശല്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.

🙏ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍ക്കു പൊലീസ് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സുരക്ഷ ആവശ്യപ്പെട്ട് ഏഴു സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ പൊലീസ് സംരക്ഷണം നല്‍കുമെന്ന് ഹൈക്കോടതിയെ അറിയിച്ചത്.

🙏മാനന്തവാടിയില്‍ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിവച്ചു പിടിക്കാനാകാതെ അഞ്ചാം ദിവസവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങി. ആന കൂടുതല്‍ ഉള്‍ക്കാട്ടിലേക്കു നീങ്ങി.

🙏ചലോ ഡല്‍ഹി കര്‍ഷക സമരത്തില്‍ പങ്കെടുക്കാനെത്തിയ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കേരള സംസ്ഥാന കണ്‍വീനറായ റോജര്‍ സെബാസ്റ്റിയനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. 11 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ചു ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

🙏ഇരിങ്ങാലക്കുടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. അഞ്ചിടങ്ങളില്‍ പൊലീസിനെ വെട്ടിച്ച് ഗവര്‍ണറുടെ വാഹന വ്യൂഹത്തിനു നേരെ എസ്എഫ്ഐക്കാര്‍ ചാടി വീണു.

🙏കെഎസ്ആര്‍ടിസി
യിലെ ജീവനക്കാര്‍ക്ക് ഒന്നാം തീയതിതന്നെ ശമ്പളം നല്‍കാനുള്ള പദ്ധതികള്‍ മുഖ്യമന്ത്രി പിണായി വിജയനുമായി ചര്‍ച്ച ചെയ്തെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍.

🙏തിരുവനന്തപുരത്ത് 22 ഇലക്ട്രിക് ബസുകള്‍ മന്ത്രി എംബി രാജേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. ഇതില്‍ രണ്ടെണ്ണം ഡബിള്‍ ഡെക്കര്‍ ബസുകളാണ്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറും മേയര്‍ ആര്യ രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം ഡബിള്‍ ഡക്കറില്‍ ആദ്യ യാത്രയും നടത്തി.

🙏എറണാകുളം മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിനു വെടിക്കെട്ട് നടത്താന്‍ അനുമതി തരില്ലെന്നു ജില്ലാ ഭരണകൂടം. ഈ മാസം 21, 22 തീയതികളില്‍ വെടിക്കെട്ടു നടത്താനിരുന്നതാണ്.

🙏എറണാകുളം- പാലക്കാട് മെമു പൊള്ളാച്ചിയിലേക്കു നീട്ടും. ഉച്ചയ്ക്ക് 2.45 ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകുന്നേരം 6.35 നാണു പാലക്കാട് എത്തുക. രാത്രി 7.45 നു പൊള്ളാച്ചിയില്‍ എത്തും.

🙏കോഴിക്കോട് കരിങ്കല്‍ ക്വാറിയില്‍ അജ്ഞാത മൃതദേഹം. കോഴിക്കോട് കാരശ്ശേരി മരഞ്ചാട്ടിയിലെ അടഞ്ഞുകിടക്കുന്ന ക്വാറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

🇳🇪 ദേശീയം 🇳🇪

🙏ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്യുന്ന കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ത് ഇന്ന്. സംയുക്ത കിസാന്‍ മോര്‍ച്ചയും നിരവധി ട്രേഡ് യൂണിയനുകളുമാണ് ഗ്രാമീണ ഭാരത് ബന്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകുന്നേരം നാലുവരെയാണ് ബന്ത്. ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം നാലുവരെ പ്രധാന റോഡുകള്‍ ഉപരോധിക്കും.

🙏കടമെടുപ്പു പരിധി വര്‍ധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ധനകാര്യ വകുപ്പ് തള്ളി. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ഉന്നതോദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്ന് കേരളത്തിന്റെ നാലംഗ സംഘത്തെ നയിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കടമെടുപ്പു പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പലതവണ അതൃപ്തി പ്രകടിപ്പിച്ചു.

🙏കാര്‍ഷികോല്‍പന്ന
ങ്ങള്‍ക്കു താങ്ങുവില ആവശ്യപ്പെട്ടു സമരം നയിക്കുന്ന കര്‍ഷക നേതാക്കളുമായി കേന്ദ്രമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചണ്ഡീഗഡില്‍ ചര്‍ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ആറിനു ചര്‍ച്ച തുടരുമെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ടെ പറഞ്ഞു.

🙏രാജ്യത്തെ വിമാനത്താവളങ്ങളും ഖനികളും ഭൂമിയുമെല്ലാം തുച്ഛമായ വിലയ്ക്കു കോര്‍പറേറ്റുകള്‍ക്കു വിറ്റ് അവരില്‍നിന്ന് ബിജെപി സര്‍ക്കാര്‍ കോടിക്കണക്കിനു രൂപ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമെന്നു സുപ്രീം കോടതി വിധിച്ചിരിക്കേയാണ് ഈ പ്രതികരണം.

🙏എന്‍സിപി അജിത് പവാര്‍ പക്ഷമാണു യഥാര്‍ത്ഥ എന്‍സിപിയെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നല്‍വേക്കര്‍ ഉത്തരവിറക്കി. അജിത് പവാറിനൊപ്പമാണ് പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എമാരുമെന്നു ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ ഉത്തരവ്.

🙏മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയില്‍. ശ്വാസ-ആമാശയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ദേവഗൗഡയെ എയര്‍പോര്‍ട്ട് റോഡിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

🙏നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ മിമി ചക്രബര്‍ത്തി ലോക്സഭാംഗത്വവും പാര്‍ട്ടി പദവികളും രാജി വച്ചു. പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജിക്കാണു രാജിക്കത്തുകള്‍ നല്‍കിയത്.

🙏സെല്‍ഫിയെടുക്കാന്‍ മൃഗശാലയിലെ കൂടിനോടു ചേര്‍ന്നുനിന്ന യുവാവിനെ സിംഹം കടിച്ചുകൊന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയില്‍ രാജസ്ഥാനിലെ അള്‍വാര്‍ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജര്‍ എന്ന മുപ്പത്തെട്ടുകാരനാണ് കൊല്ലപ്പെട്ടത്.

🇦🇽 അന്തർദേശീയം 🇦🇺

🙏എട്ട് ഇന്ത്യന്‍ നാവികരെ മോചിപ്പിച്ച ഖത്തറിനു നന്ദി അറിയിച്ചും ഖത്തര്‍ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. അമീര്‍ ഹമദ് ബിന്‍ ഖലീഫ അല്‍ താനിയെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മേഖലയിലെ സാഹചര്യങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര പ്രാധാന്യമുള്ള കാര്യങ്ങളും ചര്‍ച്ചയായതായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

🏏 കായികം 🏏

🙏ഫിഫ റാങ്കിങ്ങില്‍ 102 ല്‍ നിന്ന് 117-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിങ്ങാണിത്. ഖത്തറില്‍ നടന്ന ഏഷ്യന്‍ കപ്പിലെ മോശം പ്രകടനമാണ് ഇന്ത്യയ്ക്ക് വിനയായത്.

🙏ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ മികച്ച നിലയില്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ 33ന് 3 എന്ന നിലയില്‍ തകര്‍ന്നിരുന്ന ഇന്ത്യന്‍ ഇന്നിംഗ്സിന് മാന്യത നല്‍കിയത് 131 റണ്‍സെടുത്ത രോഹിത് ശര്‍മയുടേയും 110റണ്‍സെടുത്ത രവീന്ദ്ര ജഡേഡയുടേയും ഇന്നിംഗ്സുകളാണ്.

🙏 അരങ്ങേറ്റ മത്സരത്തില്‍ മികച്ച നിലയില്‍ ബാറ്റ് വീശി 62 റണ്‍സെടുത്ത് അപ്രതീക്ഷിതമായി റണ്ണൗട്ടായ സര്‍ഫറാസ് ഖാന്റെ ഇന്നിംഗ്സും ഇന്ത്യക്ക് കരുത്തു പകര്‍ന്നു