മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്സാലോജിക് സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുണ്ടായ സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജി തള്ളി. കര്‍ണാടക ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഉത്തരവ്.
എസ്എഫ്ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്സാലോജിക്ക് കോടതിയില്‍ വാദിച്ചത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹകരിക്കുന്നുണ്ടെന്നും എക്‌സാലോജിക് വാദിച്ചു. അതിനിടെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് നിലനില്‍ക്കില്ലന്നാണ് കമ്പനി വാദിച്ചത്. എന്നാല്‍ എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങിയതോടെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അന്വേഷണം ഇല്ലാതായതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.